കര്‍ണാടകയിലെ ‘ശക്തി’ പദ്ധതി: സൗജന്യ ബസ് യാത്രയ്ക്കായി സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍

ബെംഗളൂരു: കർണാടകയിലെ സർക്കാർ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതിയുടെ ഭാഗമായി സ്മാർട്ട് കാർഡുകള്‍ പുറത്തിറക്കാൻ സർക്കാർ നടപടികള്‍ തുടങ്ങി.സർക്കാർ ബസുകളില്‍ സൗജന്യ യാത്ര നടത്തുന്ന സ്ത്രീകള്‍ക്ക് തിരിച്ചറിയല്‍ രേഖയായും ഈ സ്മാർട്ട് കാർഡ് ഉപയോഗിക്കാം. ഗതാഗത മന്ത്രി ബൈരതി സുരേഷാണ് ഇക്കാര്യം അറിയിച്ചത്.സ്ത്രീകള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ ഈ കാർഡ് വാങ്ങാം. ഇവർക്ക് ഇതില്‍ റീചാർജ് ചെയ്യേണ്ടതില്ല. പദ്ധതിയുടെ ഭാഗമായി പുരുഷന്മാർക്കും സ്മാർട്ട് കാർഡുകള്‍ നല്‍കും. എന്നാല്‍, ഇവർക്ക് റീചാർജ് ചെയ്ത് യാത്ര ചെയ്യാൻ സാധിക്കും. ഏകദേശം 3 കോടി സ്മാർട്ട് കാർഡുകള്‍ വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി കാർഡ് നിർമ്മാണത്തിനായി ടെൻഡറുകള്‍ ക്ഷണിക്കും.

ജൂണ്‍ 11-ന് മൂന്ന് വർഷം പൂർത്തിയാക്കുന്ന ‘ശക്തി’ പദ്ധതി വൻ വിജയമാണെന്ന് സർക്കാർ വിലയിരുത്തുന്നു. പദ്ധതിക്ക് ശേഷം ബസുകളിലെ യാത്രികരുടെ എണ്ണത്തില്‍ 40 ശതമാനം വർധനവാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയില്‍ 19,771 കോടി രൂപയാണ് സർക്കാർ ഈ പദ്ധതിക്കായി ചെലവഴിച്ചത്. ഏകദേശം 753.7 കോടി സൗജന്യ ടിക്കറ്റുകളാണ് സ്ത്രീകള്‍ക്ക് മാത്രം വിതരണം ചെയ്തത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലാണ് ഏറ്റവും കൂടുതല്‍ വനിതാ യാത്രക്കാർ ഈ സേവനം പ്രയോജനപ്പെടുത്തിയത്.കൂടാതെ, ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ 1,000 ബസുകള്‍ സ്വന്തം നിലയ്ക്കും, 4,000 ഇലക്‌ട്രിക് ബസുകള്‍ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയും വാങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികള്‍ക്കായി സൗജന്യ ബസ് പാസുകള്‍ നല്‍കാനുള്ള തീരുമാനവും സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Related posts

പ്രധാനമന്ത്രി കര്‍ണാടകയിലേക്ക്; ലക്ഷ്യം 15,000 കോടിയുടെ പദ്ധതികള്‍, പട്ടികയില്‍ ബെംഗളൂരു മെട്രോയും

ദൂരം സമാനം, പക്ഷെ ബെംഗളൂരു-മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്പ്രസ് ടിക്കറ്റിന് 200 രൂപ അധികം; കാരണമിത്

ബെംഗളൂരുവിലൂടെയുള്ള ട്രെയിനുകളുടെ സമയക്രമം അടിമുടി മാറ്റി… 13 ട്രെയിനുകള്‍ക്ക് ബാധകം