എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മീഡിയം പഠനവും ലഭ്യമാക്കാൻ കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളിലും 2027-28 അധ്യയന വർഷം മുതല്‍ കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മീഡിയം പഠനവും ലഭ്യമാക്കാൻ കർണാടക സർക്കാർ.സ്വകാര്യ സ്കൂളുകളിലേക്കുള്ള കൊഴിഞ്ഞുപോക്ക് തടയാനും സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കാനുമാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കും മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം സൗജന്യമായി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.നിലവിലുള്ള കന്നഡ മീഡിയം ക്ലാസുകള്‍ നിർത്തലാക്കില്ലെന്നും, കന്നഡയുടെ പ്രാധാന്യം നിലനിർത്തിക്കൊണ്ട് തന്നെ പഠനമാധ്യമം തിരഞ്ഞെടുക്കാനുള്ള അവസരം വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

2019-20 അധ്യയന വർഷത്തില്‍ 6,539 സ്കൂളുകളിലാണ് കർണാടകയില്‍ ആദ്യമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ പരീക്ഷിച്ചത്. തുടർന്ന് 2024-25-ല്‍ രണ്ടായിരത്തോളം സ്കൂളുകളിലേക്കും 2025-26-ല്‍ 4,134 സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ വിജയകരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പാക്കാൻ തീരുമാനിച്ചത്.പദ്ധതിക്കായി 10,000 പുതിയ അധ്യാപകരെ നിയമിക്കാനും ബ്രിട്ടീഷ് കൗണ്‍സിലിന്റെ സഹകരണത്തോടെ അധ്യാപകർക്ക് പ്രത്യേക പരിശീലനം നല്‍കാനും വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. നിലവിലെ ദ്വിഭാഷാ സ്കൂളുകളുടെ പ്രവർത്തനം വിലയിരുത്തി അധ്യാപകരുടെ ഇംഗ്ലീഷ് പ്രാവീണ്യം ഉറപ്പാക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുമ്പോഴും, സർക്കാർ സ്കൂളുകളിലെ ഈ മാറ്റം സ്വകാര്യ സ്കൂളുകളെ ആശ്രയിക്കേണ്ടിവരുന്ന സാധാരണക്കാരായ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത വലിയൊരളവില്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

Related posts

ദീപാവലി ആഘോഷത്തിനിടെ വീടിനു തീപിടിച്ച്‌ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു

ദീപാവലി ആഘോഷത്തിനിടെ നടുറോഡില്‍ റീല്‍സ് ചിത്രീകരണം; ചോദ്യംചെയ്ത പോലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു, നാലുപേര്‍ അറസ്റ്റില്‍

‘ചത്ത ശവമായിട്ടാണ് കിടന്നുറങ്ങുക, എന്നിട്ടും വെളുപ്പിനേ തപ്പാനിറങ്ങി’; ഷിജിനെ പ്രശംസിച്ച്‌ എല്‍ദോ