കര്‍ണാടകയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികള്‍

ബെംഗളൂരു: കർണാടകയിലെ വിജയപുരയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവത്തില്‍ മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്.കൊലപാതകം ആസൂത്രണം ചെയ്ത സമീർ മുല്ലയെ ആണ് കാലില്‍ വെടിവച്ച്‌ കീഴ്പ്പെടുത്തിയത്. പിടികൂടാൻ എത്തിയപ്പോള്‍ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് വിശദീകരണം. സംഭവത്തില്‍ ആകെ നാല് പ്രതികള്‍ പൊലീസിന്റെ പിടിയിലായി.വിജയപുരയിലെ മുണ്ടേവാടി ആശുപത്രിക്ക് മുന്നില്‍ യാസീൻ സുബൈ‍‍ർ എന്ന പ്രാദേശിക ഗുണ്ടാ നേതാവിനെ വെടിവച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിലാണ് നാല് പ്രതികളെ പൊലീസ് പിടികൂടിയത്. കൊലപാതകം ആസൂത്രണം ചെയ്ത മുഖ്യപ്രതി സമീർ മുല്ല ഉള്‍പ്പെടെയാണ് പിടിയിലായത്.

പ്രതികള്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയ പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാതെ സമീർ മുല്ല പൊലീസിന് നേരെ നാടൻ തോക്കുപയോഗിച്ച്‌ വെടിയുതിർത്തതോടെയാണ് പൊലീസ് പ്രത്യാക്രമണം നടത്തിയത്. വലതുകാല്‍ മുട്ടിന് താഴെയാണ് വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സമീർ മുല്ലയെയും ഇയാള്‍ നടത്തിയ വെടിവയ്പ്പില്‍ പരിക്കേറ്റ പൊലീസുകാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.കൊല്ലപ്പെട്ട യാസീൻ സുബൈറുമായി പ്രതി സമീർ മുല്ലയ്ക്ക് ഉണ്ടായിരുന്ന പൂർവ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും പൊലീസ് അറിയിച്ചു.

മതപരമായ ആഘോഷത്തിനിടെ പാട്ട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവില്‍ യാസീനും കൂട്ടുകാരും സമീറിനെ ആക്രമിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് യാസീൻ സുബൈ‍ർ കൊല്ലപ്പെട്ടത്. ഭാര്യയെ ആശുപത്രിയില്‍ കാണിക്കാൻ എത്തി മടങ്ങുന്നതിനിടെയായിരുന്നു പ്രതികളുടെ വെടിവയ്പ്പ്. മൂന്നു തവണയാണ് പ്രതികള്‍ വെടിയുതിർത്തത് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെടിയേറ്റ യാസീൻ സുബൈ‍ർ ഭാര്യയുടെ കണ്‍മുന്നില്‍ തന്നെ വീണ് മരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വിജയപുരയില്‍ പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

Related posts

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്