വടക്കൻ ബെംഗളൂരു നിവാസികള്‍ക്ക് ഇനി യാത്ര എളുപ്പം; ജക്കൂര്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി

ബെംഗളൂരു: നഗരത്തിലെ വടക്കൻ മേഖലകളിലെ യാത്രക്കാർക്ക് ഗതാഗതക്കുരുക്കില്‍ നിന്ന് വലിയ ആശ്വാസമാകുന്ന ജക്കൂർ റെയില്‍വേ മേല്‍പ്പാലം നിർമ്മാണം പൂർത്തിയാക്കി.15 വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാലം തുറന്ന് കൊടുക്കുന്നത്. 443 മീറ്റർ നീളവും നാലുവരിപ്പാതയുമുള്ള മേല്‍പ്പാലം നവംബർ 18ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ ഉദ്ഘാടനം ചെയ്യും.ജക്കൂർ ഗ്രാമത്തെ റൈതര സന്തെ വഴി യെലഹങ്കയിലേക്കുള്ള റോഡുകളുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റെയില്‍വേ മേല്‍പ്പാലം. ജക്കൂർ, അമൃതഹള്ളി, കെമ്പാപുര, താനിസന്ദ്ര, യെലഹങ്ക എന്നിവിടങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവർക്ക് ഇതൊരു ബദല്‍ പാതയായിരിക്കും.

റെയില്‍വേ ലെവല്‍ ക്രോസിങ് ഒഴിവാക്കി യാത്ര ചെയ്യാനും ബല്ലാരി റോഡിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കും.മേല്‍പ്പാലം തുറക്കുന്നതോടെ യാത്രാദൂരം ഏകദേശം മൂന്ന് കിലോമീറ്റർ കുറയുമെന്നും യാത്രക്കാർക്ക് 15 മിനിറ്റോളം സമയം ലാഭിക്കാനാകുമെന്നും അധികൃതർ പറയുന്നു. യെലഹങ്ക, ഹെബ്ബാള്‍, താനിസന്ദ്ര, കൊഗിലു, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള റോഡ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് പ്രയോജനപ്പെടും. 7.5 മീറ്റർ വീതിയുള്ള റോഡ് ഭാഗമാണ് പാലത്തിലുള്ളത്.ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും റെയില്‍വേ അധികൃതരും നഗരസഭാ ഏജൻസികളും തമ്മിലുള്ള ഏകോപനക്കുറവും കാരണം പദ്ധതി നീളുകയായിരുന്നു. സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ 2011ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്‌നങ്ങള്‍ കാരണം 2014ല്‍ നിർമ്മാണം നിലച്ചു. 2017ല്‍ അന്നത്തെ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു.ഏറ്റെടുക്കാൻ കണ്ടെത്തിയ 48 സ്വത്തുക്കളില്‍ 33 എണ്ണം ആദ്യഘട്ടത്തില്‍ ഏകദേശം 25 കോടി രൂപ ചെലവില്‍ ഏറ്റെടുത്തു.

2018 ആയപ്പോഴേക്കും റെയില്‍വേ അധികൃതർ അഞ്ച് ഗിർഡർ സ്‌പാനുകളുടെ നിർമാണം പൂർത്തിയാക്കിയിരുന്നു. എന്നാല്‍ അപ്രോച്ച്‌ റോഡിന്റെയും സംരക്ഷണ ഭിത്തിയുടെയും നിർമാണം പൂർത്തിയാക്കാനായില്ല. 2024 മാർച്ചില്‍ ബിബിഎംപി പുതിയ വർക്ക് ഓർഡർ പുറപ്പെടുവിച്ച്‌ പത്തുമാസത്തിനുള്ളില്‍ പണി പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിച്ചതോടെയാണ് പദ്ധതി വീണ്ടും സജീവമായത്.എന്നാല്‍ ബാക്കിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വീണ്ടും നിർമാണം വൈകിപ്പിച്ചു. തുടർന്ന് 18.5 കോടി രൂപ നഷ്‌ടപരിഹാരം നല്‍കി ബാക്കി ഭൂമി കൂടി ഏറ്റെടുത്തു. ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി 15 കോടി രൂപയും അനുവദിച്ചു. നിർമ്മാണച്ചെലവും ഭൂമി ഏറ്റെടുക്കല്‍ ചെലവും ഉള്‍പ്പെടെ പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 69.6 കോടി രൂപയാണ്.ജക്കൂർ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തോടൊപ്പം മഴക്കാലത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഗെദ്ദലഹള്ളി റെയില്‍വേ വെന്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഐഒസി ജങ്ഷനിലെ എലിവേറ്റഡ് റോട്ടറി ഫ്ലൈഓവറിന്റെയും ബയ്യപ്പനഹള്ളി റെയില്‍വേ മേല്‍പ്പാലം വീതികൂട്ടുന്ന പദ്ധതിയുടെയും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

Related posts

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാന്‍ ശ്രമിച്ചെന്ന പരാതി: പത്ത് ബി ജെ പി ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കെതിരായ എഫ് ഐ ആര്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

കിലോമീറ്ററിന് നിരക്ക് 8 രൂപ മാത്രം; പ്രതിഷേധവുമായി ഓട്ടോ-ടാക്സി തൊഴിലാളികള്‍; ഗ്രീൻ എസ്‌എം ഇ-ടാക്സിക്ക് ഇനി രജിസ്ട്രേഷൻ നടത്തേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരത്ത് കാര്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം വാഹനവുമായി കടന്ന നാലംഗ സംഘം പിടിയില്‍