കിലോമീറ്ററിന് നിരക്ക് 8 രൂപ മാത്രം; പ്രതിഷേധവുമായി ഓട്ടോ-ടാക്സി തൊഴിലാളികള്‍; ഗ്രീൻ എസ്‌എം ഇ-ടാക്സിക്ക് ഇനി രജിസ്ട്രേഷൻ നടത്തേണ്ടെന്ന് സര്‍ക്കാര്‍

ബെംഗളൂരു: വിയറ്റ്നാം കേന്ദ്രീകരിച്ചുള്ള ഇലക്‌ട്രിക് മൊബിലിറ്റി കമ്പനിയായ ‘ഗ്രീൻ എസ്‌എം’-ന്റെ വാഹനങ്ങളുടെ രജിസ്ട്രേഷൻ കർണാടകയില്‍ താത്കാലികമായി നിർത്തിവെച്ചു.ഗതാഗതവകുപ്പ് മന്ത്രി ഭൈരതി സുരേഷാണ് ഗ്രീൻ എസ്‌എം കമ്പനിയുടെ വാഹനങ്ങള്‍ക്ക് ഇനി രജിസ്ട്രേഷൻ നടത്തരുതെന്ന് റീജിയണല്‍ ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയത്. ഗ്രീൻ എസ്‌എം ഇലക്‌ട്രിക് ടാക്സി സർവീസിനെതിരേ ഓട്ടോ-ടാക്സി തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സർക്കാരിന്റെ നടപടി.ഇ-ടാക്സി സർവീസ് നടത്തുന്ന ഗ്രീൻ എസ്‌എം ബെംഗളൂരുവില്‍ മാത്രം ഇതുവരെ 100 ടാക്സികളുടെ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. പതിനായിരം ടാക്സി വാഹനങ്ങള്‍ നിരത്തിലിറക്കാൻ കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് വിവരം ലഭിച്ചത്.

ഈ സാഹചര്യത്തിലാണ് സാധാരണക്കാരായ ഓട്ടോ-ടാക്സി തൊഴിലാളികളുടെ പരാതികള്‍ പരിഗണിച്ച്‌ ഇനി രജിസ്ട്രേഷൻ നടത്തരുതെന്ന നിർദേശം നല്‍കിയത്. പുതിയ ഉത്തരവുണ്ടാകുന്നത് വരെ രജിസ്ട്രേഷൻ നടത്തരുതെന്നാണ് ആർടിഒമാർക്ക് നല്‍കിയ നിർദേശം. സാധാരണക്കാരായ ഓട്ടോ-ടാക്സി തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. വിഷയത്തില്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ചർച്ച നടത്തും. ഇതിനുശേഷം മാത്രമായിരിക്കും ഗ്രീൻ എസ്‌എം ഇ-ടാക്സി രജിസ്ട്രേഷനില്‍ ഇനി തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.വിയറ്റ്നാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ എസ്‌എം ബെംഗളൂരുവിലും പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഓട്ടോ-ടാക്സി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കിലോമീറ്ററിന് എട്ടുരൂപ നിരക്കില്‍ ഇലക്‌ട്രിക് ടാക്സി കാറുകളില്‍ യാത്രചെയ്യാമെന്നതാണ് ഗ്രീൻ എസ്‌എം നല്‍കുന്ന വാഗ്ദാനം.

കർണാടകയില്‍ ചെറിയ ടാക്സി കാറുകള്‍ക്ക് കിലോമീറ്ററിന് 24 രൂപയാണ് നിരക്ക്. കുറഞ്ഞ നിരക്കില്‍ ഗ്രീൻ എസ്‌എം കമ്പനി വലിയതോതില്‍ കാറുകള്‍ നിരത്തിലിറക്കി സർവീസ് നടത്തുന്നത് സാധാരണക്കാരായ ഓട്ടോ-ടാക്സി തൊഴിലാളികളെ ബാധിക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ പരാതി. വാഹന വായ്പയുടെ ഇഎംഐയും ഇൻഷുറൻസും പെർമിറ്റും സ്പെയർ പാർട്സും അടക്കം വലിയ ചെലവുകളാണ് ടാക്സി ഉടമകള്‍ക്കും ഡ്രൈവർമാർക്കും ഉള്ളതെന്നും വൻകിട കമ്പനി കുറഞ്ഞ നിരക്കില്‍ ടാക്സി സർവീസ് നടത്തിയാല്‍ സാധാരണ തൊഴിലാളികള്‍ക്ക് അവരുമായി മത്സരിക്കാനാകില്ലെന്നും ഓട്ടോ-ടാക്സി തൊഴിലാളികള്‍ പറയുന്നു.വിയറ്റ്നാം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഗ്രീൻ എസ്‌എം ഡല്‍ഹി-എൻസിആർ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിലവില്‍ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രവർത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ബെംഗളൂരുവിലും ചെന്നൈയിലും ഗ്രീൻ എസ്‌എം സർവീസ് ആരംഭിക്കാനിരിക്കുന്നത്.

Related posts

തിരുവനന്തപുരത്ത് കാര്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം വാഹനവുമായി കടന്ന നാലംഗ സംഘം പിടിയില്‍

ഇന്‍ഡിഗോ വിമാനത്തില്‍ തീപ്പൊരി; പൈലറ്റിന്റെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

എയര്‍ ഇന്ത്യയുടെ മൂന്നാമത്തെ ആഗോള വ്യോമയാന ഹബ്ബായി ബെംഗളൂരു മാറുന്നു