കല്യാണം കഴിഞ്ഞപ്പോള്‍ ഗൂഗിളിനോട് ചോദിച്ചു വിനോദയാത്ര പോയി; നാലുപേര്‍ മുങ്ങി മരിച്ചു

വിവാഹത്തില്‍ പങ്കെടുത്ത ശേഷം വിനോദയാത്രയ്ക്കായി പുഴയിലിറങ്ങിയ ബെംഗളൂരു സ്വദേശികളായ നാല് യുവാക്കള്‍ മുങ്ങിമരിച്ചു.കർണാടകയിലെ ശിവമോഗ ജില്ലയില്‍ തീർത്ഥഹള്ളി താലൂക്കിലെ മഹിഷി ഗ്രാമത്തിന് സമീപം തുംഗ നദിയിലാണ് വ്യാഴാഴ്ച ദാരുണമായ അപകടമുണ്ടായത്. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. മറ്റ് മൂന്ന് പേർക്കായി തിരച്ചില്‍ തുടരുകയാണ്.ബെംഗളൂരു സ്വദേശികളായ കാർത്തിക് (31), നകുല്‍ (19), പവൻ (30), ചേതൻ (19) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

ശിവമോഗയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. ചടങ്ങിന് ശേഷം സമീപത്തെ ഏതെങ്കിലും പുഴ സന്ദർശിക്കാൻ യുവാക്കള്‍ തീരുമാനിക്കുകയായിരുന്നു.അടുത്തുള്ള പുഴകളെക്കുറിച്ച്‌ ഗൂഗിളില്‍ തിരഞ്ഞപ്പോഴാണ് മഹിഷിക്ക് സമീപമുള്ള തുംഗ നദിയെക്കുറിച്ച്‌ ഇവർ മനസ്സിലാക്കിയത്. തുടർന്ന് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് സംഘം സ്ഥലത്തെത്തിയത്.പുഴയിലിറങ്ങിയ യുവാക്കളില്‍ ഒരാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഇയാളെ രക്ഷിക്കാനായി മറ്റ് മൂന്ന് പേരും ഒന്നിന് പിറകെ ഒന്നായി പുഴയിലേക്കിറങ്ങിയെങ്കിലും നാല് പേരും ശക്തമായ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. തുടർന്ന് ഒരാളുടെ മൃതദേഹം കണ്ടെടുക്കാൻ സാധിച്ചു. കാണാതായ മറ്റ് മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അഗ്നിരക്ഷാസേന തുടരുകയാണ്. മാളൂർ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

Related posts

ക്രിസ്മസ് അവധി; ഡിസംബര്‍ 20 മുതല്‍ 24 വരെ കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍

‘നേഹയ്ക്കുള്ള പിന്തുണ വ്യക്തിപരം’; ആരാധകര്‍ക്കിടയിലെ വിവാദത്തില്‍ താഷിയുടെ വിശദീകരണം

ക്രിക്കറ്റ് ബാറ്റിന് അടിയേറ്റ് യുവതി മരിച്ചു; അഭിഭാഷകനായ സഹോദരൻ അറസ്റ്റിൽ