കൊച്ചി: എറണാകുളത്ത് രണ്ടിടങ്ങളിലായി നടത്തിയ വ്യാപക ലഹരിവേട്ടയില്‍ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ആലുവയിലെ ഒരു ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ 185 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇതിന് പുറമെ കൊച്ചി നഗരത്തില്‍ എംഡിഎംഎയും കഞ്ചാവുമായി മറ്റൊരാളെ എക്സൈസ് സംഘവും പിടികൂടിയിട്ടുണ്ട്.പള്ളുരുത്തി തെരേഭാഗം കുട്ടത്തിപ്പറമ്പില്‍ വീട്ടില്‍ ഹരികൃഷ്ണൻ കെ.എസ്. (32), തോപ്പുംപടി പ്രതീക്ഷ നഗർ കെ.വി. തോമസ് റോഡില്‍ കുരിശിങ്കല്‍ വീട്ടില്‍ ഷിനു സെബാസ്റ്റ്യൻ (34) എന്നിവരാണ് ആലുവയിലെ ലോഡ്ജില്‍ പിടിയിലായത്.എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രമുഖ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഏകദേശം 7.5 ലക്ഷം രൂപ വിലവരുന്ന 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണൻ പിടിയിലായത്.തുടർന്ന് ഇയാളില്‍ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസുമായി സഹകരിച്ച് തോപ്പുംപടിയിലെ ഷിനു സെബാസ്റ്റ്യന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പക്ഷിക്കൂടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഏഴ് ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നാണ് ലഹരിമരുന്ന് കൊച്ചിയിലെത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ടൂറിസ്റ്റ് ബസില്‍ യാത്രക്കാരായെത്തിയ പ്രതികള്‍ വാഴക്കുലയ്ക്കുള്ളില് വിദഗ്ധമായി ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്.എറണാകുളം, ആലുവ മേഖലകളിലെ നിരവധി ലഹരിക്കച്ചവടക്കാർക്കും ഉപഭോക്താക്കള്‍ക്കും നേരിട്ട് വിതരണം ചെയ്യുന്നതിനായാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനായി ബംഗളൂരു-തമിഴ്നാട് മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ലഹരിമരുന്ന് കടത്തിലും വിതരണത്തിലും കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, നാർക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബിനുകുമാറിന്റെയും നേതൃത്വത്തില്‍ ആലുവ ഈസ്റ്റ് ഇൻസ്പെക്ടർ പി.എച്ച്. ഷമീർ, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി.കെ. അരുണ്‍, എസ്.ഐമാരായ രഞ്ജിത്ത് മാത്യു, അനൂപ് വി. തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘമാണ് പരിശോധനയിലും അറസ്റ്റിലും പങ്കെടുത്തത്.ആലുവയിലെ സംഭവത്തിന് പുറമെ, ബെംഗളൂരുവില്‍ നിന്ന് 27 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി എത്തിയ നെട്ടൂർ സ്വദേശി അനസ് സിദ്ധിഖിനെ എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. ഒരാഴ്ചയായി പ്രതി എക്സൈസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിലെ ചെറുകിട ലഹരി വില്‍പ്പനക്കാരില്‍നിന്ന് പണം വാങ്ങിയശേഷം, ബെംഗളൂരുവിലെത്തി ലഹരി വസ്തുക്കള്‍ ശേഖരിക്കുന്നതായിരുന്നു ഇയാളുടെ രീതി. ബെംഗളൂരുവില്‍ നിന്ന് വാങ്ങുന്ന വിലയുടെ മൂന്നിരട്ടിയിലധികം തുകയ്ക്കാണ് അനസ് കൊച്ചിയില്‍ ഇവ മറിച്ചുവിറ്റിരുന്നത്. തുടർച്ചയായ ഇത്തരം ലഹരിവേട്ടകള്‍ നഗരത്തിലെ മാഫിയാ സംഘങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.