ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: മുൻകൂര്‍ ജാമ്യംതേടി 17-കാരന്റെ പിതാവായ ജഡ്ജി ഹൈക്കോടതിയില്‍

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസില്‍ മുൻകൂർ ജാമ്യം തേടി 17-കാരന്റെ പിതാവായ ജഡ്ജി. കേസില്‍ രണ്ടാംപ്രതിയായ അഡീഷണല്‍ ജില്ലാ ജഡ്ജിയാണ് ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്.ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തില്‍ കാറുടമയായ ജഡ്ജിക്കെതിരേ കഴിഞ്ഞദിവസമാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്തയാള്‍ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയതിനാലാണ് വാഹന ഉടമയായ പിതാവും പ്രതിയായത്. തുടർന്ന് ജഡ്ജിയെ പൊലീസ് സംഘം കഴിഞ്ഞദിവസം ഫ്ളാറ്റിലെത്തി ചോദ്യംചെയ്തിരുന്നു.

ഇതിനുപിന്നാലെ ബുധനാഴ്ച ഉച്ചയോടെ ജഡ്ജിയെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയും ചോദ്യംചെയ്തു.അതിനിടെ, ജഡ്ജിയുടെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 17-കാരൻ കാർ ഓടിക്കുമ്പോള്‍ ചിത്രീകരിച്ച മൂന്ന് വീഡിയോകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് നിർണായക തെളിവായി മാറും. അമിതവേഗത്തിലാണ് കാറോടിച്ചിരുന്നതെന്ന് ഈ വീഡിയോകളില്‍ വ്യക്തമാണെന്നാണ് വിവരം.ചേരാനല്ലൂർ വാഹനാപകടക്കേസിലെ പൊലീസ് വീഴ്ചയില്‍ ബുധനാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയിരുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെയാണ് മാറ്റിയത്. ആർ നിശാന്തിനിയാണ് പുതിയ സിറ്റി പൊലീസ് കമ്മീഷണർ. ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേരാനല്ലൂർ സ്റ്റേഷനിലെ നാല് പൊലീസുകാരെയും സസ്പെൻഡ് ചെയ്തിരുന്നു. അതിനിടെ, 17-കാരന്റെ ജാമ്യം റദ്ദാക്കാനായും പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച്‌ സ്കൂട്ടർ യാത്രക്കാരനായ മ‍ാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരിച്ചത്.

Related posts

എടാ, പോടാ വിളിയില്‍ ഐശ്വര്യയും കൊമ്പനും ഏറ്റുമുട്ടല്‍ തുടരുന്നു

ഗ്യാനേഷ് കുമാറിനെ പുറത്താക്കുക ലക്ഷ്യം, നവംബര്‍ ഒന്നിലെ ഇന്ത്യ സഖ്യത്തിന്റെ റാലിയെ പിന്തുണച്ച്‌ സിജെപി

ഇ-കെ.വൈ.സി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇനി എല്‍.പി.ജി ഇല്ല