ബെംഗളൂരുവിലെ ബ്ലോക്കിന് ശാശ്വത പരിഹാരം; റോഡ് ഗ്രിഡ് സംവിധാനവുമായി സര്‍ക്കാര്‍

ബെംഗളൂരുവിലെ നഗരാസൂത്രണത്തിലുള്ള പോരായ്മകള്‍ പരിഹരിക്കുന്നതിനായി ഒരു പുതിയ റോഡ് ഗ്രിഡ് സംവിധാനം നടപ്പിലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍.പുതുതായി നിശ്ചയിച്ച റോഡ് ഇടനാഴികള്‍ക്ക് ചുറ്റും നിയന്ത്രണമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നടപടികളടക്കം ഉള്‍പ്പെടുന്നതാണ് പുതിയ സംവിധാനം.മഴവെള്ള ഓടകള്‍ കൈയേറിയ പ്രദേശങ്ങളുടെ സമഗ്രമായ ഭൂപടം സര്‍ക്കാര്‍ തയ്യാറാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും നഗര പ്രളയ സാധ്യത കുറയ്ക്കുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി, കണ്ടെത്തിയ കൈയേറ്റങ്ങള്‍ നീക്കം ചെയ്യുന്ന കാര്യം പരിശോധിക്കും.

മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ ഗുഞ്ചൂരില്‍ മഴവെള്ള ഓടകള്‍ ശക്തിപ്പെടുത്തുന്ന പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.2,000 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയില്‍ വെള്ളപ്പൊക്ക ലഘൂകരണ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു. ലോക ബാങ്കിന്റെ ധന സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നഗര പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുമുള്ള വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.ഇതിന്റെ ഭാഗമായി, 2023-ല്‍ മുന്‍ ബി ജെ പി സര്‍ക്കാര്‍ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പുറപ്പെടുവിച്ച ഒരു വിജ്ഞാപനം നിലവിലെ സര്‍ക്കാര്‍ പുനഃപരിശോധിക്കുന്നുണ്ട്. ഹൊസക്കോട്ടെയെയും നന്ദഗുഡിയെയും ബന്ധിപ്പിക്കുന്ന 100 മീറ്റര്‍ വീതിയുള്ള റോഡിനെക്കുറിച്ചായിരുന്നു ആ വിജ്ഞാപനം. നിര്‍ദ്ദേശിക്കപ്പെട്ട ഈ റോഡ് നിര്‍മ്മിക്കുന്നതിന് ഏകദേശം 5,000 മുതല്‍ 6,000 വരെ കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരുമായിരുന്നു.

താമസക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും സര്‍ക്കാരിന് നല്‍കേണ്ടി വരുന്ന നഷ്ടപരിഹാര ബാധ്യത പരിമിതപ്പെടുത്താനും ലക്ഷ്യമിട്ട്, റോഡിനായി മറ്റൊരു പാത കണ്ടെത്താനും, ആവശ്യമുള്ളിടങ്ങളില്‍ 45 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ബെംഗളൂരുവില്‍ ഏകദേശം 20,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന, റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ശിവകുമാര്‍ പറഞ്ഞു.പുതിയ റോഡുകളുടെ നിര്‍മ്മാണം, നിലവിലുള്ള പൊതുസൗകര്യങ്ങള്‍ ശക്തിപ്പെടുത്തല്‍, വെള്ളപ്പൊക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട നടപടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഭാവിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയാകുന്നതിനൊപ്പം, ആസൂത്രണം ചെയ്ത ഗതാഗത ഇടനാഴികള്‍ക്ക് തടസമാകുന്ന തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കുകയുമാണ് റോഡ് ഗ്രിഡ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

Related posts

ബെംഗളൂരു മെട്രോയില്‍ എയര്‍പോര്‍ട്ടിലേക്ക് കുതിക്കാം;ബ്ലൂലൈനില്‍ പരീക്ഷണ ഓട്ടം തുടരുന്നു, അടുത്ത വര്‍ഷം ഈ ഭാഗം തുറക്കും

കാമുകിയുടെ പിതാവിനെയും ബന്ധുക്കളെയും വെടിവച്ച്‌ കൊല്ലാൻ ശ്രമം; പാളിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു

ആശുപത്രിയില്‍ ഉറങ്ങിക്കിടന്ന യുവതിക്ക് നേരെ അതിക്രമം; ഉണര്‍ന്ന യുവതി ഇയാളെ തല്ലി, ദൃശ്യങ്ങള്‍ ക്യാമറയില്‍