പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍ ഉദ്ഘാടനം ചെയ്യും, ട്രാഫിക് നിയന്ത്രണങ്ങള്‍ ഇങ്ങനെ

നമ്മ മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള യെല്ലോ ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഓഗസ്റ്റ് 10-ഞായറാഴ്ച) ഉദ്ഘാടനം ചെയ്യും.19.15 കിലോമീറ്റര്‍ നീളമുള്ള മെട്രോ ലൈന്‍ ആര്‍വി റോഡിനെ ബൊമ്മസന്ദ്രയെ, ഇലക്‌ട്രോണിക് സിറ്റി വഴി ബന്ധിപ്പിക്കുന്ന പാതയാണ്. നമ്മ മെട്രോയുടെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള ഓറഞ്ച് ലൈനിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി ചടങ്ങില്‍ നിര്‍വഹിക്കും.5,057 കോടി ചെലവില്‍ നിര്‍മ്മിതമായ യെല്ലോ ലൈനില്‍ 16 സ്റ്റേഷനുകള്‍ ഉണ്ട്.

ആര്‍വി റോഡ്, രാഗി ഗുദ്ദ, ജയദേവ ആശുപത്രി, ബിടിഎം ലേഔട്ട്, സില്‍ക്ക് ബോര്‍ഡ്, ബൊമ്മന ഹള്ളി, ഹോംഗ സാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിങ്ക സാന്ദ്ര, ഹോസ റോഡ്, ബെറട്ടേന അഗ്രഹാര, ഇലക്‌ട്രോണിക് സിറ്റി, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ കൊനപ്പന അഗ്രഹാര, ഹുസ്‌കൂര്‍ റോഡ്, ഹെബ്ബ ഗോഡി, ബൊമ്മസന്ദ്ര എന്നിവയാണ് സ്‌റ്റേഷനുകള്‍.പ്രതിദിനം രാവിലെ 5 മണി മുതല്‍ രാത്രി 11 മണി വരെയാണ് മെട്രോ സര്‍വീസ്. തുടക്കത്തില്‍ മൂന്ന് ഡ്രൈവറില്ലാ ട്രെയിനുകള്‍ 25 മിനിട്ട് ഇടവേളയില്‍ ഓടും.

കുറഞ്ഞത് 10 രൂപയും പരമാവധി 90 രൂപയുമാണ് ടിക്കറ്റ് നിരക്ക്. യെല്ലോ ലൈന്റെ നിര്‍മ്മാണം 2023-ന്റെ അവസാനത്തോടെ പൂര്‍ത്തിയായിരുന്നെങ്കിലും വിവിധ അനുമതികളും ട്രെയിനുകളും ലഭ്യമാകുന്നതിലെ തടസമാണ് സര്‍വീസ് തുടങ്ങുന്നതില്‍ കാലതാമസം വരുത്തിയത്.രാവിലെ 10.30-ന് പ്രധാനമന്ത്രി എച്ച്‌എഎല്‍ വിമാനത്താവളത്തില്‍ ഇറങ്ങും. തുടര്‍ന്ന് പുതിയ 3 വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ ഉദ്ഘാടനം ചെയ്യാന്‍ കെ.എസ്.ആര്‍ ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ എത്തും. തുടര്‍ന്ന് റോഡ് മാര്‍ഗം രാഗി ഗുദ്ദ മെട്രോ സ്റ്റേഷനിലേക്ക് തിരിക്കും. യെല്ലോ ലൈനിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി, 11.45-നും 12.50-നും ഇടയില്‍, അദ്ദേഹം മെട്രോ ട്രെയിനില്‍ രാഗി ഗുദ്ദയില്‍ നിന്ന് ഇലക്‌ട്രോണിക് സിറ്റി വരെ യാത്ര നടത്തും.

ട്രാഫിക് നിയന്ത്രണങ്ങള്‍ ഇങ്ങനെ : പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗരത്തില്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജലക്ഷ്മി ജംഗ്ഷന്‍ മുതല്‍ മാരനഹള്ളി 18-ാം മെയിന്‍ റോഡ് വരെയും മാരനഹള്ളി ഈസ്റ്റ് എന്‍ഡ് മെയിന്‍ റോഡ് ജംഗ്ഷന്‍ മുതല്‍ അരവിന്ദ് ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളിലും രാവിലെ 8.30 മുതല്‍ ഗതാഗതം തടസപ്പെടും.രാവിലെ 9.30 നും ഉച്ചയ്ക്ക് 2.30 നും ഇടയില്‍, ഇലക്‌ട്രോണിക് സിറ്റി എലിവേറ്റഡ് എക്‌സ്പ്രസ് വേ, ഹൊസൂര്‍ റോഡ്, സില്‍ക്ക് ബോര്‍ഡ് റോഡ് എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണമുണ്ട്. ഹൊസൂരില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ഗതാഗതവും തടസപ്പെടും. ഇന്‍ഫോസിസ് അവന്യൂ, വേളാങ്കണ്ണി റോഡ്, എച്ച്‌പി അവന്യൂ റോഡ് എന്നിവയുള്‍പ്പടെ ഇലക്‌ട്രോണിക്‌സ് സിറ്റി ഫേസ് വണ്ണിലെ റോഡുകളിലൂടെയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related posts

ബെംഗളൂരുവിൻ്റെ തലവരമാറ്റുന്ന റൂട്ട്; ബ്ലൂ ലൈനില്‍ 2027ല്‍ നമ്മ മെട്രോ കുതിക്കും, ട്രയല്‍ റണ്‍ പുരോഗമിക്കുന്നു

സത്യസന്ധമല്ലാത്ത ഉദ്ദേശ്യമില്ലാതെ ലിവ്-ഇൻ പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ല: കര്‍ണാടക ഹൈക്കോടതി

‘കര്‍ണാടകയില്‍ മലയാളികളുടെ തോന്നിവാസം, ഗുണ്ടല്‍പേട്ടിന്‍റെ പകുതിയും കയ്യേറി’; അധിക്ഷേ പരാമര്‍ശവുമായി ബിജെപി നേതാവ്