ബെംഗളൂരുവിലെ തിരക്കേറിയ ഭാഗങ്ങളില്‍ അതിവേഗ യാത്ര; 44.65 കി.മീറ്ററില്‍ ഓറഞ്ച് ലൈൻ, ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം ശക്തിപ്പെടുത്തുന്നതിനായി നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് സർവീസ് വ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ ഓറഞ്ച് ലൈൻ പാക്കേജിനായി കർണാടക മൂന്നാം ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.നിർദിഷ്ട മെട്രോ പാത കടന്നുപോകുന്ന കഗ്ഗലിപുര, ജരഗനഹള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ ഭൂമികള്‍ സ്ഥിതി ചെയ്യുന്നത്.ജെപി നഗർ നാലാം ഘട്ടത്തിനും മൈസൂരു റോഡ് ഭാഗത്തിനും ഇടയിലുള്ള ഓറഞ്ച് ലൈൻ എന്നറിയപ്പെടുന്ന നമ്മ മെട്രോ മൂന്നാംഘട്ടത്തിന് ആവശ്യമായ അധിക ഭൂമി ഏറ്റെടുക്കുന്നതിനായി കർണാടക സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ കോറിഡോർ ഒന്നിൻ്റെ പാക്കേജ് ഒന്നിനായി പുറപ്പെടുവിക്കുന്ന മൂന്നാമത്തെ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനമാണിത്.

2026 ഒക്ടോബർ 16ലെ തീയതിയില്‍ കർണാടക സ്റ്റേറ്റ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ 11 വ്യത്യസ്ത ഭാഗങ്ങളിലായി 13,409.05 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഭൂമിയും വസ്തുവകകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റെടുക്കാൻ ലക്ഷ്യമിടുന്ന വസ്തുവകകളുടെ തിരിച്ചറിയല്‍ നമ്പറുകള്‍, സർവേ നമ്പറുകള്‍, വിസ്തീർണം, നിലവിലുള്ള നിർമിതികള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്.44.65 കിലോമീറ്റർ ദൈർഘ്യമുള്ള നമ്മ മെട്രോ മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായാണ് നടപടി. രണ്ട് കോറിഡോറുകളിലായി 31 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന ഈ പദ്ധതി ബെംഗളൂരുവിലെ മെട്രോ ശൃംഖല വിപുലീകരിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) ഉദ്യോഗസ്ഥൻ അറിയിച്ചു.അതേസമയം, പദ്ധതിക്ക് അനുമതി ലഭിച്ച്‌ രണ്ടുവർഷത്തിലേറെ പിന്നിട്ട സാഹചര്യത്തില്‍ നമ്മ മെട്രോ മൂന്നാം ഘട്ടത്തിൻ്റെ പ്രധാന ഉപദേഷ്ടാവ് ആയി പ്രവർത്തിക്കാൻ ബിഎംആർസിഎല്‍ താല്‍പ്പര്യപത്രം ക്ഷണിച്ചു.

രണ്ട് കോറിഡോറുകളുടെയും വികസന പ്രവർത്തനങ്ങള്‍ക്ക് സാങ്കേതിക സഹായവും പ്രോജക്റ്റ് മാനേജ്‌മെന്റ് പിന്തുണയും ഈ കണ്‍സള്‍ട്ടന്റ് നല്‍കും. ഒന്നാം ഇടനാഴി ജെപി നഗർ നാലാം ഘട്ടം മുതല്‍ കെമ്പാപുര വരെ 32.15 കിലോമീറ്റർ ദൂരത്തില്‍ 22 സ്റ്റേഷനുകളുമായി കടന്നുപോകും. രണ്ടാം ഇടനാഴി (Corridor 2) ഹൊസഹള്ളി മുതല്‍ കടബഗെരെ വരെ 12.50 കിലോമീറ്റർ ദൂരത്തില്‍ ഒമ്പത് സ്റ്റേഷനുകളെ ഉള്‍ക്കൊള്ളുന്നതാണ്.രണ്ട് ഇടനാഴികളുടെയും നിർമാണച്ചെലവിനായുള്ള തുകയ്ക്കായി ജപ്പാൻ ഇന്റർനാഷണല്‍ കോപറേഷൻ ഏജൻസിയില്‍ നിന്ന് 102.48 ബില്യണ്‍ യെൻ വായ്പ ലഭിക്കുന്നതിന് ബിഎംആർസിഎല്‍ അപേക്ഷ സമർപ്പിച്ചു. മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ ബെംഗളൂരുവിലെ ഗതാഗത ബന്ധങ്ങള്‍ മെച്ചപ്പെടുകയും തിരക്കേറിയ പാതകളിലെ ഗതാഗതക്കുരുക്ക് കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഔട്ടർ റിങ് റോഡ്, മഗാഡി റോഡ്, മറ്റ് പ്രധാന നഗരപാതകള്‍ എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് കുറയും.

Related posts

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; ബല്ലാരി റോഡ് 18 മാസം പൂര്‍ണമായി അടച്ചിടില്ല, നിയന്ത്രണം മാത്രം

ബെംഗളൂരു-ഗോവ വന്ദേ ഭാരത് വരുന്നു! 13 ട്രെയിനുകളുടെ സമയക്രമം മാറും?

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി