ബെംഗളൂരുവില്‍ പ്രണയബന്ധത്തെച്ചൊല്ലിയ തർക്കത്തിനിടെ യുവതിയുടെ പിതാവിനും ബന്ധുക്കള്‍ക്കും നേരെ വെടിയുതിർക്കാൻ ശ്രമം.തോക്ക് പിടിച്ചെടുത്ത് ആക്രമണം തടഞ്ഞതോടെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ സയ്യിദ് അമീൻ, സുഹൃത്ത് അഫാൻ എന്നിവരുള്‍പ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.നവംബർ 20ന് വൈകിട്ട് ആറോടെ ജെ.പി നഗറിലെ വിനായക് നഗർ, റിസ്വാൻ മസ്ജിദ് റോഡിലുള്ള യുണീക് സെയില്‍സ് വസ്ത്രക്കടയിലാണ് സംഭവം. സയ്യിദ് അമീനും സുഹൃത്ത് അഫാനും മറ്റ് രണ്ടുപേരും സ്കൂട്ടറിലെത്തിയെന്നാണ് പരാതി. കടയിലുണ്ടായിരുന്ന ഇമാൻ ഉർ റഹ്മാൻ, മുഹമ്മദ് സെയ്ദ്, ഹഫീസുള്ള എന്നിവരെ സംഘം ആക്രമിച്ചതായും പരാതിയില്‍ പറയുന്നു.
ഇത് തടയാൻ എത്തിയ 54കാരനായ ആർ. അസ്മദ് പാഷയ്ക്കുനേരെയും ആക്രമണമുണ്ടായി. ഇതിനിടെ അഫാൻ സ്കൂട്ടറിന്റെ സ്റ്റോറേജ് ഭാഗത്തുനിന്ന് തോക്കെടുത്ത് വെടിയുതിർക്കാൻ ശ്രമിച്ചു. പാഷ തോക്ക് പിടിച്ചെടുക്കാൻ ശ്രമിച്ചതോടെ ഒരു വെടിയുണ്ട നിലത്തുവീണു. പിന്നീട് പ്രതികള്‍ തോക്ക് തിരികെ പിടിച്ചെടുത്ത് സ്കൂട്ടറില്‍ രക്ഷപ്പെട്ടെന്നാണ് പരാതി. പാഷയുടെ രണ്ടാമത്തെ മകള്‍ ഉമ ഐമാനുമായി സയ്യിദ് അമീൻ ബന്ധത്തിലായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. നവംബർ 18ന് അമീനും പിതാവ് സയ്യിദ് അഷ്റഫും തമ്മില്‍ ഇതേക്കുറിച്ച് സംസാരിക്കുകയും തുടർന്ന് അമീൻ ക്ഷമാപണം നടത്തിയതായും പരാതിയില്‍ പരാമർശമുണ്ട്.സംഭവത്തില്‍ പുട്ടേനഹള്ളി പൊലീസ് സയ്യിദ് അമീൻ, അഫാൻ, തിരിച്ചറിയാത്ത മറ്റ് രണ്ടുപേർ എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 109, 115(2), 3(5) വകുപ്പുകളും ആയുധ നിയമത്തിലെ 27(1) വകുപ്പും ചുമത്തി കേസെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.