ബംഗളൂരുവില്‍ IT പാര്‍ക്കുകള്‍ സന്ദര്‍ശിച്ച്‌ കന്നഡ അനുകൂല പ്രവര്‍ത്തകര്‍: തദ്ദേശീയര്‍ക്ക് ജോലി ഉറപ്പാക്കണമെന്ന് ആവശ്യം

ബംഗളൂരു: കർണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളിലും ഐ.ടി കമ്പനികളിലും തദ്ദേശീയരായ കന്നഡികർക്ക് മുൻഗണനയും തൊഴിലവസരങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കി കന്നഡ സംഘടനകള്‍.ടി.എ. നാരായണ ഗൗഡയുടെ നേതൃത്വത്തിലുള്ള ‘കർണാടക രക്ഷന വേദി’ പ്രവർത്തകർ ബംഗളൂരുവിലെ പ്രമുഖ ഐ.ടി പാർക്കുകളിലും സ്വകാര്യ കമ്പനികളിലും നേരിട്ടെത്തി നിവേദനം നല്‍കാൻ ആരംഭിച്ചു.നവംബർ 1 കന്നഡ രാജ്യോത്സവ ദിനം മുതല്‍ ആരംഭിച്ച ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പ്രവർത്തകർ ഐ.ടി മേഖലകളിലേക്ക് എത്തിയത്.

പ്രമുഖ കേന്ദ്രങ്ങളില്‍ സംഘടനാ ഭാരവാഹികള്‍ സന്ദർശനം നടത്തുകയും കമ്പനി മാനേജ്‌മെന്റുകള്‍ക്ക് നിവേദനം കൈമാറുകയും ചെയ്തു. കമ്പനികളിലെ ആകെ ജീവനക്കാരുടെ എണ്ണം, കന്നഡികരുടെ അനുപാതം, കഴിഞ്ഞ മൂന്ന് വർഷത്തെ റിക്രൂട്ട്‌മെന്റ് വിവരങ്ങള്‍ എന്നിവ ലഭ്യമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.കമ്പനികളില്‍ നേരിട്ടെത്തി ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും വിഷയം ചർച്ചകളിലൂടെയും നിയമപരമായും പരിഹരിക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭ്യർത്ഥിച്ചിരുന്നു. എന്നാല്‍ സർക്കാരിന്റെ അഭ്യർത്ഥന തള്ളി സംഘടന പ്രചാരണവുമായി മുന്നോട്ട് പോവുകയാണ്. കർണാടകയിലെ വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിക്കുന്ന കമ്പനികള്‍ പ്രാദേശിക യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങളോട് നീതി പുലർത്തണമെന്നാണ് സംഘടനയുടെ നിലപാട്.

Related posts

ഇൻസ്റ്റഗ്രാം തർക്കം; 17കാരനെ പെൺകുട്ടിയെ ഉപയോഗിച്ച് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്ന് സംശയം, മൂന്ന് പേർ കസ്റ്റഡിയിൽ

എസ്.ഐ.ആർ വിരുദ്ധ സമരം: കോടതിയിൽ മാപ്പുപറഞ്ഞ് നടൻ ഇമ്രാൻ ഖാൻ

ഗണവേഷം ധരിച്ച് ആർഎസ്എസ് റൂട്ട് മാർച്ചിൽ സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു