ബെംഗളൂരു ബിസിനസ് ഇടനാഴി (പെരിഫറല്‍ റിംഗ് റോഡ്-1) നിർമ്മാണത്തിന് വേഗം കൂടുന്നു. നാല് ക്ലോവർ ലീഫ് ജങ്ഷന് വേണ്ടിയുള്ള അധിക ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച അന്തിമ വിജ്ഞാപനം സർക്കാർ പുറത്തിറക്കി.തുമാകുരു റോഡ് (മദനായകനഹള്ളി), എയർപോർട്ട് റോഡ് (വെങ്കടാല / ബാഗലൂരു ക്രോസ്), ഓള്‍ഡ് മദ്രാസ് റോഡ് – വൈറ്റ്ഫീല്‍ഡ്, ഹൊസൂർ റോഡ് എന്നി ഭാഗങ്ങളാണ് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഭൂമി ഏറ്റെടുക്കല്‍ നടപടിയും നഷ്ടപരിഹാര വിതരണവും ഈ വർഷം ഡിസംബറോടെ തന്നെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബെംഗളൂരു ബസിസിനസ് ഇടനാഴി ലിമിറ്റഡ് ചെയർപേഴ്സണ്‍ എല്‍കെ അതീഖ് പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞു.
ഇനി നഷ്ടപരിഹാരം നല്‍കേണ്ടത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാല് ക്ലോവർ ലീഫ് ജങ്ഷനും എൻഐസിഇ റോഡിനെ ഇടനാഴിയുമായി ബന്ധിപ്പിക്കുന്ന സ്ഥലത്തിനും ആവശ്യമായി ഏകദേശം 600 ഏക്കർ ഭൂമിയാണ് ആവശ്യമായി വരുന്നത്. ബിസിനസ് ഇടനാഴിക്ക് ആവശ്യമായ 1800 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് 2007 ല്‍ തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അധിക ഭൂമി ഏറ്റെടുക്കുന്നതിനായി 2021-22 ഘട്ടത്തില്‍ വിഞ്ജാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും അന്തിമ പ്രഖ്യാപനം വൈകുകയായിരുന്നു.അതേസമയം ഇടനാഴിയുടെ ആദ്യ പാക്കേജ് ഉള്‍പ്പെടുന്ന മടവര മുതല്‍ എയർപോർട്ട് റോഡ് വരെ നീളുന്ന 21.5 കിമി റോഡിൻ്റെ പുരോഗതി വിലയിരുത്തിയതായി അതീഖ് അറിയിച്ചു. ഈ പാതയില്‍ 8 കിമി വരുന്ന ഭാഗം വൃത്തിയാക്കിയിട്ടുണ്ട്. ഇവിടെയൊരു നിർമ്മാണ യാർഡും തയ്യാറാക്കിയിട്ടുണ്ട്.
എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കാനായി കോണ്‍ട്രാക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുരുക്കില്‍ പെട്ട് കിടക്കുന്ന ചില പ്രദേശങ്ങള്‍ ഇവിടെയുണ്ട്. ഹൈക്കോടതിയുടെ സ്റ്റേയും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അന്തിമ വിധി വരുന്നത് വരെ ഇക്കാര്യത്തില്‍ സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് അഞ്ച് നിർദേശങ്ങളാണ് സർക്കാർ മുന്നോട്ട് വെച്ചത്. പണമായി നഷ്ടപരിഹാരം നല്‍കുന്നതും ഭൂമി നല്‍കിയാല്‍ പണത്തിന് പുറമെ ഭുമിയില്‍ നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ അവകാശങ്ങള്‍ അനുവദിക്കുന്ന തരത്തിലുള്ള ട്രാൻസ്ഫെറബിള്‍ ഡെവലെപ്മെൻ്റ് റൈറ്റ്സ് എന്നിങ്ങനെയുള്ള നിർദേശങ്ങള്‍ ഉള്‍പ്പെടെയാണ് ഭൂവുടമകള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. അതേസമയം 30-32 കിമി ഉള്‍പ്പെടുന്ന 2, 3 പാക്കേജുകളുടെ വിശദമായ പ്രൊജക്‌ട് റിപ്പോർട്ടുകളും പൂർത്തിയാക്കിയിട്ടുണ്ട്. നവംബറോടെ ഇതിനായുള്ള ടെൻ്റർ നടപടികള്‍ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.