ശമ്പളം 15,000 രൂപയാക്കണം; ബെംഗളൂരുവില്‍ ആശാ പ്രവര്‍ത്തകരുടെ രാപ്പകല്‍ സമരം പത്താം ദിവസത്തിലേക്ക്

പ്രതിമാസ വേതനം 5,000 രൂപയില്‍ നിന്ന് 15,000 രൂപയായി ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കർണാടകയിലെ ആശാ പ്രവർത്തകർ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക്.ബെംഗളൂരുവിലെ ഫ്രീഡം പാർക്കില്‍ നവംബർ 17ന് ആരംഭിച്ച രാപ്പകല്‍ സമരത്തില്‍ ആയിരക്കണക്കിന് അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകരാണ് (ആശാ) പങ്കെടുക്കുന്നത്. കർണാടക രാജ്യ സമ്യുക്ത ആശാ കാര്യകർത്തെയര സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

വേതനവർധനയ്ക്ക് പുറമെ കുടിശ്ശികയായ ഇൻസെന്റീവുകള്‍ ഉടൻ വിതരണം ചെയ്യുക, വിരമിക്കുമ്പോള്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക, അസുഖമോ അപകടമോ സംഭവിച്ചാല്‍ ധനസഹായം നല്‍കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. മെച്ചപ്പെട്ട തൊഴില്‍സാഹചര്യങ്ങള്‍ ഒരുക്കണമെന്നും സമസ്ത (SAMASTA) ആപ്പിലൂടെയുള്ള നിർബന്ധിത ഡാറ്റാ എൻട്രി ഒഴിവാക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു. തുറസ്സായ സ്ഥലത്ത് തുടർച്ചയായി കഴിയുന്നത് സമരക്കാരുടെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. സമരത്തിന്റെ ഏഴാം ദിവസമായപ്പോഴേക്കും 17 പേർക്ക് അസുഖം ബാധിച്ച്‌ കെ.സി. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നതായി റിപ്പോർട്ടുണ്ട്. പനി, ചുമ, വിറയല്‍ തുടങ്ങിയ അസ്വസ്ഥതകളെ തുടർന്ന് 200ഓളം പേർക്ക് വൈദ്യസഹായം ആവശ്യമായി വന്നു. മഴയും കുടിവെള്ളം, ശുചിമുറി, വിശ്രമസൗകര്യങ്ങള്‍ എന്നിവയുടെ കുറവും പ്രതിഷേധക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സമരപ്രതിനിധികളുമായി ചർച്ച നടത്തി.

പ്രവർത്തകരുടെ ആവശ്യങ്ങള്‍ മന്ത്രിസഭാ യോഗത്തിലും ബെളഗാവി നിയമസഭാ സമ്മേളനത്തിലും പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി റിപ്പോർട്ടില്‍ പറയുന്നു. 12 ദിവസം കൂടി കാത്തിരിക്കണമെന്നും അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും മന്ത്രി യു.ടി. ഖാദർ പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. അതേസമയം, കൃഷിമന്ത്രി പി.എം. നരേന്ദ്ര സ്വാമിയുടെ പരാമർശവും സമരത്തിന്റെ പശ്ചാത്തലത്തില്‍ വിവാദമായി. പ്രതിഷേധത്തെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ ‘കാന്തി ഹാര’ എന്ന വാക്ക് ഉപയോഗിച്ചതില്‍ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിക്കുകയും പരാമർശം പിൻവലിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രി നേരിട്ട് സമരപ്പന്തലിലെത്തി ആവശ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് പ്രവർത്തകരുടെ നിലപാട്. വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ താരങ്ങള്‍, എഴുത്തുകാർ, കർഷക സംഘടനകള്‍, തൊഴിലാളി യൂണിയൻ നേതാക്കള്‍ എന്നിവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

ബൈക്ക് മോഷണത്തെച്ചൊല്ലി തര്‍ക്കം; ബംഗളൂരുവില്‍ സുഹൃത്തിനെ മര്‍ദ്ദിച്ച് കൊന്ന് ഒ.ആര്‍.എസ് ലായനി നല്‍കി മുറിയിലാക്കി; നാലുപേര്‍ അറസ്റ്റില്‍

ഹോംവര്‍ക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ ചൂരലും മരക്കഷ്ണവും കൊണ്ട് മര്‍ദിച്ചെന്ന് പരാതി

ബെംഗളൂരു നിവാസികളുടെ പോരാട്ടം ഫലം കണ്ടു; ലാല്‍ബാഗിനെ കീറിമുറിക്കില്ല, തുരങ്കപാതയില്‍ മാറ്റം ഉറപ്പായി..!