ഭിന്നശേഷിക്കാര്‍ക്കുള്ള ശൗചാലയം ഉപയോഗിച്ച്‌ മറ്റൊരാള്‍; 25 മിനിറ്റിലേറെ കാത്തുനിന്ന് യാത്രക്കാരി, ബെംഗളൂരു വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ വൈറല്‍

ഭിന്നശേഷിക്കാർക്കായി പ്രത്യേകം സജ്ജീകരിച്ച ശൗചാലയം മറ്റുള്ളവർ ഉപയോഗിക്കുന്നതിനെതിരെ പരാതിയുമായി യാത്രക്കാരി.ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഭിന്നശേഷിക്കാരിയായ യാത്രക്കാരിക്ക് ശൗചാലയം ഉപയോഗിക്കാനായി 25 മിനിറ്റിലേറെ കാത്തിരിക്കേണ്ടിവന്നെന്നാണ് പരാതി. സമാനമായ അനുഭവം ഇത് മൂന്നാം തവണയാണെന്നും യാത്രക്കാരി ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

ശൗചാലയം ഉപയോഗിച്ചിരുന്നയാള്‍ പുറത്തേക്ക് വരുന്നതും പുറത്ത് നിരവധി പേർ കാത്തുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. കൂട്ടത്തില്‍ വീല്‍ചെയറില്‍ ഇരിക്കുന്ന ഒരു സ്ത്രീയുമുണ്ട്. പുറത്തേക്ക് വന്നയാളോട് ഇത്തരം ശൗചാലയങ്ങള്‍ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് സ്ത്രീ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന സാധാരണ ശൗചാലയങ്ങള്‍ ഉണ്ടായിരിക്കെ, ഭിന്നശേഷിക്കാർക്ക് മാത്രം ഉപയോഗിക്കേണ്ട സൗകര്യം മറ്റുള്ളവർ കൈയടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അവർ പറയുന്നു.

വിമാനത്തിന്റെ സമയം അടുത്തതിനാല്‍ വൈകുന്നതിലുള്ള ആശങ്കയും സ്ത്രീ പങ്കുവെക്കുന്നുണ്ട്.വീഡിയോ വൈറലായതോടെ വിമാനത്താവളത്തിലെ പ്രത്യേക സൗകര്യങ്ങളുടെ ഉപയോഗത്തെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ചർച്ചകള്‍ ഉയർന്നു. ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചിരിക്കുന്ന സൗകര്യങ്ങള്‍ അർഹരായവർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് നിരവധി പേരുടെ അഭിപ്രായം. അതേസമയം, പുറത്തുനിന്ന് ഒരാളുടെ ഭിന്നശേഷി തിരിച്ചറിയാൻ കഴിയില്ലെന്നും പ്രായമായവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഇത്തരം ശൗചാലയങ്ങള്‍ ആവശ്യമായി വരാമെന്നും ചിലർ അഭിപ്രായപ്പെട്ടു.സംഭവത്തില്‍ ബെംഗളൂരു വിമാനത്താവള അധികൃതരും പ്രതികരിച്ചു.

യാത്രക്കാരിയുടെ പരാതി ശ്രദ്ധയില്‍പ്പെട്ടതായും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി സ്വകാര്യ സന്ദേശത്തിലൂടെ ബന്ധപ്പെടാനും ആവശ്യപ്പെട്ടു. സമാനമായ അനുഭവം മൂന്നാം തവണയാണെന്ന യാത്രക്കാരിയുടെ വെളിപ്പെടുത്തലോടെ, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്ന ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്.

Related posts

ബെംഗളൂരു പിങ്ക് ലൈൻ മെട്രോ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം; 5 ബിഎംടിസി ഫീഡര്‍ ബസുകള്‍ ഇന്ന് മുതല്‍

’17 കാരൻ സമ്മതിച്ചു, ആദ്യമല്ല, മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്, ബൈക്കുമായി സ്കൂളില്‍ പോയിട്ടുണ്ട്’, മൊഴി വീണ്ടുമെടുത്തു

കുട്ടികളുണ്ടാകാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളൂരുവില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി