ബെംഗളൂരു: പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവണ്ണയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ബസവ മണ്ഡപ’ എന്ന വിവാദ പുസ്തകത്തിനെതിരെ കർശന നടപടിയെടുത്തിരിക്കുകയാണ് കർണാടക സർക്കാർ.അമേരിക്കയില്‍ താമസിക്കുന്ന രവി ഹഞ്ച് രചിച്ച്, വലതുപക്ഷ മാധ്യമപ്രവർത്തകനായി അറിയപ്പെടുന്ന വിശ്വേശ്വർ ഭട്ട് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ കോപ്പികള്‍ കണ്ടുകെട്ടാനും പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഇതിനു പിന്നാലെ, മുഖ്യമന്ത്രി ഡികെ ശിവകുമാർ പുസ്തകത്തെ ‘ദ്രോഹബുദ്ധി’ നിറഞ്ഞത് എന്ന് വിശേഷിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തു.
ബെംഗളൂരുവില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പുസ്തകത്തില്‍ ബസവണ്ണയ്ക്കെതിരെ രവി ഹഞ്ച് നടത്തിയിട്ടുള്ള അപകീർത്തികരമായ പരാമർശങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കർണാടകയുടെ സാംസ്കാരിക ബിംബമായ അദ്ദേഹത്തെ അപമാനിക്കുന്നത് സർക്കാർ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭാ യോഗത്തിലെ ചർച്ചകള്‍ക്ക് ശേഷം രചയിതാവിനും പ്രസാധകനായ വിശ്വേശ്വർ ഭട്ടിനും മറ്റുള്ളവർക്കുമെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.സാമൂഹിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമം നടക്കുന്നതായി ഡികെ ശിവകുമാർ പറഞ്ഞു. ജാതിയുടെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാൻ ചില മാധ്യമങ്ങളും ശ്രമിക്കുന്നതായി ശിവകുമാർ ആരോപിച്ചു. ഈശ്വർ ഖണ്ഡ്രെ, എം.ബി. പാട്ടീല്‍, ശിവാനന്ദ് പാട്ടീല്‍, ബസവരാജ് രായറെഡ്ഡി, യതീന്ദ്ര സിദ്ധരാമയ്യ, കെഎച്ച് മുനിയപ്പ തുടങ്ങിയ മന്ത്രിമാർ പുസ്തകം കണ്ടുകെട്ടാനുള്ള തീരുമാനത്തെ പിന്തുണച്ചു.
ബസവ സമിതിയുടെ കത്തും രാഷ്ട്രീയ നേതാക്കളുടെ ഇടപെടലും കണക്കിലെടുത്താണ് ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സർക്കാർ വേഗത്തില്‍ നടപടിയെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.’അനുഭവ മണ്ഡപ’ത്തിലൂടെ ലോകത്തിന് ആദ്യമായി ‘പാർലമെന്റ്’ എന്ന ആശയം നല്കിയ ദാർശനികനാണ് ബസവണ്ണയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. സമത്വം, തൊഴിലിന്റെ മഹത്വം, നിസ്വാർത്ഥ സേവനം, സ്ത്രീകളുടെ തുല്യാവകാശം എന്നിവയ്ക്കായി നിലകൊണ്ട അദ്ദേഹത്തിന്റെ ആശയങ്ങള്‍ എല്ലാ വീടുകളിലും എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിവാദത്തിന് പിന്നില്ലിംഗായത്ത് വിശ്വാസത്തിന്റെ ഉത്ഭവത്തെയും ബസവണ്ണയുടെ തത്വശാസ്ത്രത്തെയും വളച്ചൊടിക്കുന്ന രീതിയിലുള്ള പരാമർശങ്ങളാണ് പുസ്തകത്തിലുള്ളതെന്നാണ് പ്രധാന ആരോപണം. ബസവണ്ണയെ മോശമായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ പുസ്തകത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ലിംഗായത്ത് സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ബസവ സമിതി നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗാന്ധിയെയും, അംബേദ്കറെയും, ബസവണ്ണയെയും വളച്ചൊടിക്കാനും അപമാനിക്കാനും രാജ്യത്ത് ശ്രമം നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
പുസ്തകത്തിലെ പരാമർശങ്ങളില്‍ ഏറ്റവും രാഷ്ട്രീയ വിവാദമുണ്ടാക്കുന്നത് വീരശൈവ-ലിംഗായത്ത് സമുദായം ഒരു പ്രത്യേക മതമാണോ അല്ലയോ എന്നതിനെക്കുറിച്ചുള്ള ചർച്ചയാണ്. പുസ്തകത്തില്‍, വീരശൈവരും ലിംഗായത്തുകളും ഒന്നാണെന്നാണ് പുസ്തകത്തില്‍ രവി ഹഞ്ച് വാദിക്കുന്നത്. ലിംഗായത്ത് വിശ്വാസം ആരംഭിച്ചത് ബസവണ്ണയല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ട്. കളബേഡ, കൊലബേഡ’ (മോഷ്ടിക്കരുത്, കൊല്ലരുത്) എന്ന് പറഞ്ഞ ബസവണ്ണ ബിജ്ജള രാജാവിന്റെ ഖജനാവ് ദുരുപയോഗം ചെയ്തുവെന്നാണ് പുസ്തകത്തിലെ ആരോപണങ്ങളിലൊന്ന്.. കല്യാണ രാജ്യത്തെ ബിജ്ജള രാജാവിന്റെ കൊട്ടാരത്തില്‍ മന്ത്രിയായിരുന്ന ബസവണ്ണ, രാജാവിന്റെ ഖജനാവിലെ പണം ദുരുപയോഗം ചെയ്തുവെന്ന് പുസ്തകത്തില്‍ ആരോപിക്കുന്നു.
ബിജ്ജള രാജാവിന്റെ കൊലപാതകത്തില്‍ ബസവണ്ണയ്ക്ക് പങ്കുണ്ടെന്ന രീതിയിലുള്ള ചിത്രീകരണമാണ് പുസ്തകത്തിലുള്ളതെന്നും ആരോപണമുണ്ട്.നിലവിലെ ലിംഗായത്ത് നേതാക്കള്‍ പ്രചരിപ്പിക്കുന്നത് പോലെ ബസവണ്ണ സനാതന ധർമ്മത്തെയോ വൈദിക പാരമ്പര്യങ്ങളെയോ എതിർത്തിരുന്നില്ലെന്ന് രവി ഹഞ്ച് പുസ്തകത്തിലൂടെയും അഭിമുഖത്തിലൂടെയും വാദിക്കുന്നു. ഇത് ലിംഗായത്തുകള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. ശരണ തത്വശാസ്ത്രത്തെയും ലിംഗായത്ത് സ്വത്വത്തെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് ബസവ സമിതിയും സമുദായ സംഘടനകളും ആരോപിക്കുന്നു.