ന്യൂഡല്‍ഹി: സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഷഹീൻ ബാഗില്‍ 16 വയസുകാരിയായ വീട്ടുജോലിക്കാരി ക്രൂരപീഡനത്തിനിരയായി. പെണ്‍കുട്ടിയെ ദിവസം 20 മണിക്കൂറോളം ജോലി ചെയ്യിപ്പിക്കുകയും, ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുകയും, ചൂടായ ഇസ്തിരിപ്പെട്ടിയും കത്തിയും ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.അബുല്‍ ഫസല്‍ എൻക്ലേവ്-II ലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. മാതാപിതാക്കളെ കാണാൻ അനുവദിക്കാതെ കഴിഞ്ഞ ഒരു വർഷത്തോളമായി പെണ്‍കുട്ടിയെ ഇവിടെ തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി അസോസിയേഷൻ ഫോർ വോളണ്ടറി ആക്ഷൻ എന്ന സന്നദ്ധ സംഘടനയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
തുടർന്ന് കല്‍ക്കാജി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം ലേബർ ഡിപ്പാർട്ട്മെന്റും ഡല്‍ഹി പൊലീസും സന്നദ്ധ സംഘടനാ പ്രതിനിധികളും സംയുക്തമായി നവംബർ മൂന്ന്, നാല് തീയതികളില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഷഹീൻ ബാഗിലെ ശ്രം വിഹാർ ജൂഗ്ഗി സ്വദേശിയായ പെണ്‍കുട്ടിയെ സദഫ് എന്ന സ്ത്രീയുടെ വീട്ടില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്.തുടർച്ചയായ ജോലി, മർദനംരാവിലെ ആറു മണി മുതല്‍ പുലർച്ചെ രണ്ടു മണി വരെ വീട് അടിച്ചുവാരി തുടയ്ക്കല്‍, പാത്രം കഴുകല്‍ തുടങ്ങിയ ജോലികള്‍ ചെയ്യിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. രാവിലെ 11 മണിയോടെ ചായ നല്‍കുമെങ്കിലും പലപ്പോഴും തലേദിവസത്തെ ബാക്കി വന്ന ഭക്ഷണമാണ് നല്‍കിയിരുന്നത്. ചെറിയ തെറ്റുകള്‍ക്ക് പോലും മർദിച്ചിരുന്നതായും ഒരുതവണ മൂന്ന് ദിവസം തുടർച്ചയായി ഭക്ഷണവും വെള്ളവും നല്‍കാതെ പട്ടിണിക്കിട്ടതായും കുട്ടി വെളിപ്പെടുത്തി.തൊഴിലുടമ ചൂടായ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് തന്റെ പുറത്തും കൈകളിലും ഇടുപ്പിലും പൊള്ളിച്ചതായും പഴുപ്പിച്ച കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതായും കുട്ടി പറഞ്ഞു.
കുട്ടിയുടെ ശരീരത്തില്‍ പഴയതും പുതിയതുമായ ഒട്ടേറെ പൊള്ളലേറ്റ പാടുകളും തലയില്‍ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയതായി എൻജിഒ പ്രതിനിധികള്‍ വ്യക്തമാക്കി. പരിക്കുകള്‍ക്ക് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ നല്‍കുന്നതിന് പകരം കടകളില്‍ നിന്ന് വാങ്ങിയ മരുന്നുകള്‍ നല്‍കുകയായിരുന്നു.മാതാപിതാക്കളുമായി ബന്ധപ്പെടാൻ അനുവദിച്ചില്ലഒരു വർഷത്തിനിടെ രണ്ടു മൂന്നു തവണ മാത്രമാണ് മാതാപിതാക്കളുമായി ഫോണില്‍ സംസാരിക്കാൻ അനുവദിച്ചത്. ആ സമയങ്ങളില്‍ പരിക്കുകള്‍ പുറത്തറിയാതിരിക്കാൻ മുഖം മറച്ചാണ് നിർത്തിയിരുന്നതെന്നും സന്നദ്ധ സംഘടന ചൂണ്ടിക്കാട്ടി. ക്രൂരതയെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ ഉദ്യോഗസ്ഥരോട് തുടക്കത്തില്‍ സംസാരിക്കാൻ പെണ്‍കുട്ടി ഭയപ്പെട്ടിരുന്നു.
തുടർന്ന് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് മുന്നിലാണ് പെണ്‍കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. കുട്ടിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ നല്‍കും. മറ്റൊരു സ്ത്രീ വഴിയാണ് പെണ്‍കുട്ടി ഈ വീട്ടില്‍ ജോലിക്കെത്തിയത്. ഒരു വർഷത്തോളം നീണ്ട കഠിന ജോലിക്ക് 18,000 രൂപ മാത്രമാണ് നല്‍കിയതെന്നും സംഘടന അറിയിച്ചു. പഠനം പുനരാരംഭിച്ച് ഒരു അധ്യാപികയാകാനാണ് തന്റെ ആഗ്രഹമെന്ന് പെണ്‍കുട്ടി സിഡബ്ല്യുസിയോട് പറഞ്ഞു. സംഭവത്തില്‍ ബാല-കൗമാര തൊഴില്‍ നിരോധന-നിയന്ത്രണ നിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം എന്നിവ പ്രകാരം കേസെടുക്കാൻ എസ്ഡിഎം ഷഹീൻ ബാഗ് പൊലീസിന് നിർദേശം നല്‍കി. കേസില്‍ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.