ബംഗളൂരു: സുഹൃത്തുക്കളെ വെല്ലുവിളിച്ച് പടക്കത്തിന് മുകളിലിരുന്ന് തീ കൊളുത്തി; 32കാരൻ പൊട്ടിത്തെറിച്ച്‌ മരിച്ചു

ബംഗളൂരു: കർണാടകയില്‍ വെല്ലുവിളിയുടെ ഭാഗമായി പടക്കംനിറച്ച പെട്ടിയുടെ പുറത്തിരുന്ന 32കാരൻ പൊട്ടിത്തെറിച്ച്‌ മരിച്ചു.ദീപാവലി രാത്രിയിലാണ് ദാരുണസംഭവം ഉണ്ടായത്. ശബരീഷ് ആണ് മരിച്ചത്.ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ഒക്ടോബർ 31ന് രാത്രിയില്‍ ശബരീഷും സുഹൃത്തുക്കളും സംഘം ചേർന്ന് മദ്യപിച്ചിരുന്നു. പടക്കം നിറച്ച പെട്ടിയുടെ മുകളില്‍ ഇരിക്കാമെങ്കില്‍ ഓട്ടോറിക്ഷ നല്‍കാമെന്ന് സുഹൃത്തുക്കള്‍ ശബരീഷിന് വാഗ്ദാനം ചെയ്തു.

തൊഴില്‍ രഹിതനായ യുവാവ് സുഹൃത്തുകളുടെ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ശബരീഷ് പടക്കപ്പെട്ടിയുടെ മുകളില്‍ ഇരുന്നതിന് പിന്നാലെ സുഹൃത്തുക്കള്‍ തീ കൊളുത്തി. പിന്നാലെ സുഹൃത്തുക്കള്‍ സ്ഥലത്ത് നിന്ന് ദൂരേക്ക് ഓടി മാറി.പടക്കം പൊട്ടിത്തെറിച്ചതിന് പിന്നാലെ യുവാവ് നിലത്ത് വീണു. ഉടൻ തന്നെ സുഹൃത്തുകള്‍ ഗുരുതര പരിക്കേറ്റ ശബരീഷിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, ആരോഗ്യനില മോശമായ യുവാവ് നവംബർ രണ്ടിന് മരിച്ചു.യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കൊനാനകുണ്ടെ പൊലീസ് ആറു പേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. സംഭവത്തിന്‍റെ സി.സിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ശബരീഷ് തൊഴില്‍ രഹിതനാണെന്നും ഓട്ടോറിക്ഷ ലഭിക്കുന്നതോടെ നല്ലൊരു ഭാവി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കളുടെ വെല്ലുവിളി സ്വീകരിച്ചതെന്നും സൗത്ത് ഡി.സി.പി ലോകേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.അപകടത്തില്‍ ശബരീഷിനോട് ആന്തരികാവയവങ്ങളെല്ലാം തകർന്നിരുന്നു എന്നാണ് റിപ്പോർട്ട്. പടക്കം പൊട്ടിയ ശേഷമുണ്ടായ കനത്ത പുകപടലങ്ങള്‍ക്കിടയിലൂടെ, റോഡില്‍ വീണുകിടക്കുന്ന ശബരീഷിനെയാണ് സുഹൃത്തുക്കള്‍ കണ്ടത്. കൂടെയുണ്ടായിരുന്ന ആറ് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത പൊലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസ് ചുമത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു

Related posts

ബെംഗളൂരുവിലെ സ്‌കൈഡെക്കിന്റെ ചിലവ് 800 കോടിയായി ഉയര്‍ത്തി; 250 മീറ്റര്‍ ഉയരം, നടപടികള്‍ പുരോഗമിക്കുന്നു

‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ മാധ്യമപ്രവര്‍ത്തക വേഷവുമായി ബെംഗളൂരു കൊലക്കേസ് പ്രതി

മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്