Home Featured തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ കേരളത്തില്‍, കുറവ് ഡല്‍ഹിയില്‍

തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ കേരളത്തില്‍, കുറവ് ഡല്‍ഹിയില്‍

by admin

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട്.

2024 ജനുവരിമാര്‍ച്ച്‌ കാലയളവിലെ കണക്കുകളാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്ത് വിട്ടത്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനം എന്നാണ് മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. 15 നും 29 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കാണ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്. കേന്ദ്ര ഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ ഏറ്റവും കുറവ് തലസ്ഥാന നഗരം കൂടിയായ ഡല്‍ഹിയിലാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു

യുവാക്കളേക്കാള്‍ അധികം യുവതികളാണ് കേരളത്തില്‍ തൊഴില്‍ രഹിതരെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാനത്ത് 15 നും 29 നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 46.6 ശതമാനവും തൊഴില്‍ രഹിതരാണ്. ഈ പ്രായ വിഭാഗത്തില്‍പ്പെട്ട യുവാക്കളില്‍ 24.3 ശതമാനം തൊഴില്‍രഹിതര്‍ ആണെന്നാണ് കേന്ദ്ര സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിന് പുറമെ ജമ്മു കശ്മീര്‍ (28.2 ശതമാനം), തെലങ്കാന (26.1 ശതമാനം), രാജസ്ഥാന്‍ (24 ശതമാനം), ഒഡിഷ (23.3 ശതമാനം) എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായ ഡല്‍ഹിയില്‍ 3.1 ശതമാനമാണ് തൊഴിലില്ലാഴ്മ.

22 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടാണ് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഈ കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനം ആണെന്നാണ് സര്‍വേയില്‍ വിശദീകരിച്ചിരിക്കുന്നത്. 2023 ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ ഇത് 16.5 ശതമാനം ആയിരുന്നു. സര്‍വേയില്‍ കറന്റ് വീക്കിലി സ്റ്റാറ്റസിന്റെ അടിസ്ഥാനത്തിലാണ് തൊഴിലില്ലായ്മ നിരക്ക് കണ്ടെത്തിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group