ഹൈദരാബാദ്: സുഹൃത്തിന്റെ അപ്രതീക്ഷിത മരണത്തിൽ മനംനൊന്ത് തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് (ചന്തു) ജീവനൊടുക്കി. തെലങ്കാന മണികൊണ്ടയിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ താരത്തെ കണ്ടെത്തുകയായിരുന്നു.കാർത്തിക ദീപം, രാധമ്മാ പെല്ലി, ത്രിനാരായണി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരമാണ് ചന്തു. കഴിഞ്ഞദിവസം അപകടത്തിൽ സഹതാരവും അടുത്ത സുഹൃത്തുമായിരുന്ന നടി പവിത്ര ജയറാം മരണപ്പെട്ടത് ചന്തുവിനെ മാനസികമായ തളർത്തിയിരുന്നു.ത്രിനാരായണി എന്ന പരമ്പരയിൽ ചന്തുവും പവിത്രയും ഒന്നിച്ച് അഭിനയിച്ചിരുന്നു.
പവിത്രയുടെ മരണത്തിന് പിന്നാലെ ചന്തു കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. മേയ് 12നാണ് ആന്ധ്രാപ്രദേശിലെ കുർണൂലിലുണ്ടായ വാഹനാപകടത്തിൽ നടി പവിത്ര മരിച്ചത്. വീട്ടുകാർ പുറത്തുപോയ സമയത്താണ് ചന്തു ജീവനൊടുക്കിയത്.
ചന്തുവിനെ ഫോണിൽ കിട്ടാതായതോടെ വീട്ടുകാരെത്തി വാതിൽ പൊളിച്ചുനോക്കിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. െേപാലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പറുകൾ – 1056, 0471- 2552056)