കാസര്‍കോട്: കേരളത്തില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ടാറ്റാ ഗ്രൂപ്പ് അടിയന്തിരമായി പണിതു നല്‍കിയതാണ് കാസര്‍കോട്ടെ കോവിഡ് ആശുപത്രി. എന്നാല്‍ ആശുപത്രിയുടെ പണി പൂര്‍ത്തിയാക്കി വാഗ്ദാനം ചെയ്തതു പോലെ കട്ടിലടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ഇതുവരെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
അടിയന്തര സാഹചര്യം കണക്കിലെടുത്തു ജീവനക്കാരെ താല്‍ക്കാലിക, ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുമെന്നാണു 30 നു ടാറ്റ കോവിഡ് ആശുപത്രിയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
എന്നാല്‍ വാഗ്ദാനം ചെയ്ത് 13 ദിവസം പിന്നിട്ടിട്ടും നിയമനങ്ങളുടെ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവുള്ളതിനാല്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മാത്രമേ ഡോക്ടര്‍മാരുടെ നിയമനം സാധ്യമാകുകയുള്ളൂ. എന്നാല്‍ ഇതുവരെ ഒരു നിയമനം പോലും ആയില്ല. കോവിഡിന്റെ അടിയന്തിര സാഹചര്യത്തിലും സര്‍ക്കാരിന്റെ ലംഭാവത്തിന്റെ നെറുകയിലാണ് ടാറ്റാ ആശുപത്രി.
ആര്‍എംഒ ഉള്‍പ്പെടെ 39 ഡോക്ടര്‍മാരുടെ തസ്തികകളാണു കോവിഡ് ആശുപത്രിയിലുള്ളത്. ഇതില്‍ ഭൂരിഭാഗവും സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍. ജില്ലയില്‍ സാധാരണ ഡോക്ടര്‍മാരുടെ നിയമനത്തിനു പോലും ആളെ കിട്ടാത്ത അവസ്ഥയില്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ ഡപ്യൂട്ടേഷന്‍ നിയമനം മാത്രമേ രക്ഷയുള്ളൂ. ഇക്കാര്യം വ്യക്തമാക്കി 1നു തന്നെ ഡിഎംഒ ആരോഗ്യവകുപ്പിന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഡോക്ടര്‍മാരുടെ കാര്യത്തില്‍ വ്യക്തത ലഭിച്ചാല്‍ മാത്രമേ മറ്റു നിയമനങ്ങളുമായി മുന്നോട്ടു പോകാന്‍ കഴിയൂ.
ബാക്കി ജീവനക്കാരെയും ആവശ്യമുണ്ട്. താല്‍ക്കാലിക അടിസ്ഥാനത്തിലാണെങ്കിലും ഇത്രയും നിയമനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ വേണ്ടി വരും. അതുകൊണ്ട് തന്നെ അടിയന്തിരമായി ഡോക്ടര്‍മാരെ നിയമിക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ രോഗികളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയാല്‍ ജില്ലാ ആശുപത്രി സാധാരണ ആശുപത്രിയാക്കി മാറ്റാനായിരുന്നു തീരുമാനം. ഇതു വൈകുന്നതിനാല്‍ ജില്ലാ ആശുപത്രിയില്‍ മറ്റു രോഗികള്‍ക്കുള്ള ചികിത്സ ഇല്ലാത്ത സാഹചര്യമാണ്.
പിഞ്ചുകുട്ടികളും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള കോവിഡ് രോഗികളും ദിവസവും മരണത്തിനു കീഴടങ്ങുമ്ബോഴും ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ജില്ലയില്‍ ഇല്ല. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയാണ് ഇപ്പോള്‍ ആശ്രയം. കോവിഡ് ആശുപത്രിയില്‍ ഈ സൗകര്യം ഒരുക്കാനായിരുന്നു അധികൃതര്‍ ആലോചിച്ചിരുന്നത്.
ടാറ്റ ഗ്രൂപ്പ് കൈമാറിയ കെട്ടിടം ആശുപത്രിയാക്കാന്‍ ഒന്നേ കാല്‍ കോടിയിലധികം രൂപയുടെ ഉപകരണങ്ങള്‍ വേണ്ടി വരും. ഈ തുക ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് എടുക്കാനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അനുമതി തേടി കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള വെന്റിലേറ്റര്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള തുകയാണ് ഡിഎംഒ കണക്കാക്കി കലക്ടര്‍ക്കു നല്‍കിയത്. കട്ടില്‍ വരെയുള്ള കാര്യങ്ങളാണ് ടാറ്റ ഗ്രൂപ്പ് ഒരുക്കിയത്.