ബെംഗളൂരു : സംസ്ഥാനത്തെ മുപ്പത് ജില്ലകളിലും ബെംഗളൂരുവിലെ എട്ടു സോണുകളിലുമായി സെറോ സർവേയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു വ്യക്തിക്ക് കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നും ആ വ്യക്തിയിൽ അണുബാധയെ ചെറുത്തു നിൽക്കുന്നതിന് ശരീരത്തിൽ ഇമ്മ്യൂണോഗ്ലോബുലിൻ എന്ന ആന്റിബോഡികൾ ഉണ്ടോ എന്ന് കണ്ടെത്താനും സെറോ സർവേയിലൂടെ സാധിക്കും.
കഴിഞ്ഞ വർഷം സെപ്തംബർ മൂന്ന് മുതൽ 16 വരെ നടത്തിയ ആദ്യഘട്ട സർവേയിൽ 16585 പേരിൽ നടത്തിയ പരിശോധനയിൽ 16.4 ശതമാനം ആളുകളിൽ കോവിഡിനെ ചെറുക്കുന്ന ആന്റിബോഡികൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. രണ്ടാം ഘട്ട സർവേയിൽ ഓരോ ജില്ലയിൽ നിന്നും 1000 പേരെയാണ് ഉൾപ്പെടുത്തുന്നത്. അപകട സാധ്യത കൂടുതലുള്ളതും മിതമായതും അപകട സാധ്യത കുറഞ്ഞതുമായ വിഭാഗങ്ങളിൽ നിന്നായി 40000 ഓളം പേരെയാണ് രണ്ടാം ഘട്ട സർവേയിൽ സംസ്ഥാനത്ത് ഉൾപ്പെടുത്തുന്നത്. ഫെബ്രുവരി പകുതിയോടെ ഇത് പൂർത്തിയാകും.