ചെന്നൈ: കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ പ്രതിപക്ഷ പിന്തുണ ഉറപ്പാക്കാൻ ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനെ സന്ദർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവരടങ്ങിയ ഉന്നതതല സംഘവും ചെന്നൈയിലെ സ്റ്റാലിന്റെ വസതിയിലെത്തി. പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഭരണഘടനാ ഭേദഗതി ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ഉറപ്പാക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.
ലോക്സഭാ അംഗങ്ങളുടെ എണ്ണം 850 ആയി ഉയർത്താനുള്ള നിർദേശം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഭരണപക്ഷത്തിന് അനുകൂലമായി മണ്ഡലങ്ങള്‍ പുനർനിർണയിക്കാൻ ഇതിലൂടെ അവസരമൊരുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. 2027ലെ സെൻസസിന്റെ അടിസ്ഥാനത്തില്‍, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പങ്കാളിത്തമുള്ള നിഷ്പക്ഷ കമ്മീഷൻ മുഖേന വേണം മണ്ഡല പുനർനിർണയം നടത്താനെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചരിത്രം തങ്ങളെ ‘കട്ടബൊമ്മന്മാരായി’ ഓർക്കുമെന്നും ‘എട്ടപ്പന്മാരായി’ അല്ലെന്നും സ്റ്റാലിൻ പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്. കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം ഒന്നിച്ചുനില്‍ക്കണമെന്ന സന്ദേശമാണ് ഇതിലൂടെ അദ്ദേഹം നല്‍കിയത്.
ഇതിനിടെ, എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിന്റെ പിന്തുണ തേടി കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയിലും കൂടിക്കാഴ്ച നടത്തി. അതേസമയം, മണ്ഡല പുനർനിർണയത്തെ പിന്തുണച്ച് പവൻ കല്യാണിന്റെ ജനസേന രംഗത്തെത്തി. ഈ നീക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ പ്രാതിനിധ്യത്തെ ബാധിക്കില്ലെന്നാണ് പാർട്ടിയുടെ വാദം. തിങ്കളാഴ്ച പാർലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലുകളെ സംയുക്തമായി എതിർക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം. എന്നാല്‍, പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ബിജെപി തള്ളിയിട്ടുണ്ട്.