ചെന്നൈ: വധുവിന്റെ പേരിനെ ചൊല്ലി ക്ഷേത്രം അധികൃതരും പൂജാരിമാരും വിവാഹംനടത്താൻ വിസമ്മതിച്ചു. ഏറെ നേരത്തെ വാഗ്വാദത്തിനൊടുവില്‍ ക്ഷേത്രത്തിന് മുന്നിലെ റോഡില്‍വെച്ച് താലികെട്ടി.
ഹിന്ദുവായ വധുവിന് ക്രിസ്ത്യൻ പേരാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിവാഹംനടത്താൻ തൂത്തുക്കുടി വിലാത്തിക്കുളം ശങ്കരരാമേശ്വരർ ക്ഷേത്രം അധികൃതരും പൂജാരിമാരും വിസമ്മതിച്ചത്. തൂത്തുക്കുടി ജില്ലയിലെ പണയൂർ സ്വദേശി കെ. കണ്ണനും തരുവൈക്കുളം സ്വദേശി എം. ആന്റണി ദിവ്യയ്ക്കുമാണ് വിവാഹനാളില്‍ പുരോഹിതന്മാരില്‍നിന്ന് ദുരനുഭവം നേരിടേണ്ടിവന്നത്.
മുരുകൻ -രേവതി ദമ്ബതികളുടെ മകളാണ് ആന്റണി ദിവ്യ. ദിവ്യ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്കൂളിലാണ് പഠിച്ചതെന്നും അതുമാത്രമാണ് അവളുടെ ഏക ക്രിസ്ത്യൻ ബന്ധമെന്നും ബന്ധുവായ രാജേന്ദ്രൻ പറഞ്ഞു. രേഖകളിലൊക്കെ അവള്‍ ഹിന്ദുവാണെന്നും വിവാഹം നിഷേധിച്ചതിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, സ്കൂളില്‍നിന്ന് നല്‍കിയ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റില്‍ ആന്റണി ദിവ്യ ക്രിസ്ത്യാനിയാണെന്നാണ് രേഖപ്പെടുത്തിയതെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസർ തമിഴ്സെല്‍വി പറഞ്ഞു. എന്നാല്‍, ഈ ആരോപണം തെറ്റാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ക്രിസ്ത്യാനിയാണെന്ന് സർട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതിനാല്‍ ക്ഷേത്രത്തിനകത്തുവെച്ച് വിവാഹം നടത്തരുതെന്ന് നേരത്തെ നിർദേശം നല്‍കിയിരുന്നുവെന്നും ഇതുവകവെക്കാതെ പൂജാരിമാരോട് വിവാഹച്ചടങ്ങുകള്‍ നടത്തിക്കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.