ബംഗളൂരു: വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ കുടുംബം താമസിക്കുന്ന, തർക്കത്തിലിരിക്കുന്ന യെലഹങ്കയിലെ ബംഗ്ലാവിലേക്ക് പോകാൻ ശ്രമിച്ച വൈ.എസ്.ശർമ്മിളയെ ബംഗളൂരു പൊലീസ് തടഞ്ഞു. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുവച്ചാണ് പൊലീസ് നടപടി.നവംബർ 21-ന് ദേവനഹള്ളി കോടതി പുറപ്പെടുവിച്ച ഇടക്കാല വിലക്കിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ശർമ്മിളയ്ക്കും അവരുടെ പ്രതിനിധികള്‍ക്കും വസ്തുവില്‍ പ്രവേശിക്കുന്നതിനോ ഇടപെടുന്നതിനോ കോടതി വിലക്കേർപ്പെടുത്തിയിരുന്നു.
അമ്മ വൈ.എസ്. വിജയമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് ശർമ്മിള എത്തിയത്.ശർമ്മിളയുടെ മകളുടെ നവംബർ 25-ന് നിശ്ചയിച്ചിരുന്ന വിവാഹവുമായി ബന്ധപ്പെട്ടും സ്വത്തവകാശത്തെച്ചൊല്ലിയുമുള്ള കുടുംബ തർക്കങ്ങള്‍ക്കിടയാണ് പുതിയ സംഭവവികാസങ്ങള്‍. വിവാഹം ആദ്യം ബംഗളൂരുവിലെ വസതിയില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. ജഗൻ റെഡ്ഡിയും വൈ.എസ്. ശർമ്മിളയും തമ്മില്‍ ദീർഘകാലമായി സ്വത്ത് തർക്കം നിലനില്‍ക്കുന്നുണ്ട്.