ഹൈദരാബാദ്: വിവാഹ നിശ്ചയ സല്‍ക്കാരത്തിനിടെ വിളമ്ബിയ ആട്ടിറച്ചിയില്‍ മജ്ജ ഇല്ല എന്ന കാരണം പറഞ്ഞ് വരന്റെ കുടുംബം കല്യാണം വേണ്ടെന്ന് വച്ചു. തെലങ്കാനയിലെ നിസാമാബാദിലാണ് വേറിട്ട സംഭവം.
വധുവിന്റെ വീട്ടില്‍ നടന്ന വിവാഹ നിശ്ചയത്തിനിടെയാണ് ഇരുവീട്ടുകാരും തമ്മില്‍ വഴക്കിട്ടത്.വിവാഹ നിശ്ചയത്തിന് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കാനാണ് വധുവിന്റെ വീട്ടുകാര്‍ തീരുമാനിച്ചിരുന്നത്. സല്‍ക്കാരത്തിനിടെ വിളമ്ബിയ ആട്ടിറച്ചിയില്‍ മജ്ജ ഇല്ല എന്ന് ആരോപിച്ച് വരന്റെ വീട്ടുകാര്‍ വഴക്ക് ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ കറിയില്‍ ആടിന്റെ മജ്ജ ചേര്‍ത്തിരുന്നില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ വിശദീകരണം നല്‍കിയിട്ടും വരന്റെ വീട്ടുകാര്‍ ക്ഷമിക്കാന്‍ തയ്യാറായില്ല. തര്ക്കംമൂത്തതിനെ തുടര്‍ന്ന് വിഷയത്തില്‍ പൊലീസ് വരെ ഇടപെട്ടു.
വരന്റെ വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും, വരന്റെ വീട്ടുകാര്‍ കല്യാണം വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആടിന്റെ മജ്ജ വിളമ്ബാതെ വധുവിന്റെ വീട്ടുകാര്‍ തങ്ങളെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു വരന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്മാറിയത്. മെനുവില്‍ ആടിന്റെ മജ്ജ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് മുന്‍കൂട്ടി അറിയിക്കാന്‍ വധുവിന്റെ കുടുംബം തയ്യാറായില്ലെന്നും വരന്റെ കുടുംബം ആരോപിച്ചു.