ബെംഗളൂരു: നഗരത്തിലെ 160 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ കുമാരകൃപ പൈതൃക മന്ദിരം ഇനി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ഔദ്യോഗിക വസതി.നവീകരണ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കിയ കെട്ടിടത്തിന് ‘ഗംഗ’ എന്ന് പുതിയ പേരും നല്‍കിയിട്ടുണ്ട്. കാർത്തിക സോമവാര ദിനത്തിലാണ് മുഖ്യമന്ത്രി നവീകരിച്ച വസതിയില്‍ താമസം ആരംഭിച്ചത്.ബെംഗളൂരുവിന്റെ ചരിത്രത്തോടും സാംസ്കാരിക പൈതൃകത്തോടും ചേർന്ന് നില്ക്കുന്ന കെട്ടിടത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കി മാറ്റിയത്. ഇതിനെതിരെ ചരിത്രകാരന്മാരും പ്രതിപക്ഷ പാർട്ടികളും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
നഗരത്തിന്റെ ചരിത്രപരമായ വാസ്തുവിദ്യാ പൈതൃകത്തിന് പ്രാധാന്യം നല്‍കാതെ കെട്ടിടത്തിന്റെ പഴയ രൂപത്തില്‍ മാറ്റം വരുത്തിയത് ശരിയായ നടപടിയല്ലെന്നാണ് വിമർശനം.ചരിത്രപ്രാധാന്യമുള്ള കെട്ടിടം അതിന്റെ യഥാർഥ രൂപത്തില്‍ സംരക്ഷിക്കേണ്ടതായിരുന്നുവെന്നും താമസസൗകര്യത്തിനായി അതില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലായിരുന്നുവെന്നും ചരിത്രകാരന്മാരും രാഷ്ട്രീയ നേതാക്കളും ഒരുപോലെ ചൂണ്ടിക്കാട്ടി. വിവിധ ഭാഗങ്ങളില്‍ നിന്ന് എതിർപ്പുകളും അഭ്യർഥനകളും ഉയർന്നിട്ടും നവീകരണ പ്രവർത്തനങ്ങള്‍ തുടർന്നതിനെയും അവർ വിമർശിച്ചു.മഹാത്മാഗാന്ധി താമസിച്ചിരുന്നതായി പറയപ്പെടുന്ന കെട്ടിടമാണ് ബെംഗളൂരുവിലെ കുമാരകൃപ. മൈസൂർ മുൻ ദിവാനായിരുന്ന സർ കെ ശേഷാദ്രി അയ്യരുടെ ചരിത്രവുമായും ഈ കെട്ടിടത്തിന് ബന്ധമുണ്ട്. തലമുറകളായി ബെംഗളൂരുവിന്റെ ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും പ്രധാന ഭാഗമായാണ് കുമാരകൃപ അറിയപ്പെടുന്നത്.കുമാരകൃപയായാലും കാവേരിയായാലും അനുഗ്രഹ റെസിഡൻസിയായാലും ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ താമസസൗകര്യത്തിന്റെയോ ഭരണപരമായ ആവശ്യങ്ങളുടെയോ പേരില്‍ മാറ്റിമറിക്കാൻ സർക്കാർ തയ്യാറാകരുതെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.
മാത്രമല്ല ഇതിന് മുഖ്യമന്ത്രിയുടെ തന്നെ ഒത്താശ ലഭിച്ചതാണ് പലരെയും ചൊടിപ്പിക്കുന്നത്.സംസ്ഥാനത്തിന്റെ പൈതൃക സംരക്ഷണത്തിന് ചുമതലപ്പെട്ടവർ തന്നെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളില്‍ മാറ്റം വരുത്താൻ അനുമതി നല്‍കിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഔദ്യോഗിക വസതി ഒരുക്കുന്നതിന്റെ പേരില്‍ കുമാരകൃപയുടെ യഥാർഥ സത്വം മാറ്റിയത് യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നാണ് വിമർശകരുടെ നിലപാട്.കുമാരകൃപ ഒരു സർക്കാർ കെട്ടിടം മാത്രമായിരുന്നില്ല. കർണാടകയുടെ ചരിത്രത്തിലെ വിലപ്പെട്ട അധ്യായവും ജനങ്ങളുടെ പൊതുപൈതൃകത്തിന്റെ ഭാഗവുമായിരുന്നു. പൗരാണിക കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായി മാറിയതോടെ ബെംഗളൂരുവിലെ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.