ബെംഗളൂരു: പെട്രോളിലെ എഥനോൾ മിശ്രണവുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ എണ്ണക്കമ്പനികൾക്കെതിരെ നടപടി കടുപ്പിച്ച് കർണാടക സർക്കാർ.ബെംഗളൂരുവിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇന്ധന മിശ്രണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ നിശ്ചിത അളവിലും കൂടുതൽ എഥനോൾ കലർത്തിയതായി കണ്ടെത്തി. അതേസമയം, എഥനോൾ അളവ് പരിശോധിക്കുന്നതിനായി ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ എണ്ണക്കമ്പനികൾക്ക് മൂന്നാം തവണയും കത്തയച്ചു. ബെംഗളൂരുവിലെ ദേവനഗൊന്തിയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ടെർമിനലിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
E20 പെട്രോളിൽ അനുവദനീയമായ അളവിനേക്കാൾ കൂടുതൽ എഥനോൾ കലർത്തിയെന്നാണ് കണ്ടെത്തൽ. 3,000 ലിറ്റർ പെട്രോളിൽ 14 ലിറ്റർ അധിക എഥനോൾ ചേർത്തതായാണ് പരിശോധനയിൽ വ്യക്തമായത്. പെട്രോളിന്റെ അളവിലും ക്രമക്കേട് കണ്ടെത്തിയതായാണ് വിവരം. സംഭവത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ലീഗൽ മെട്രോളജി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി.ഏഴ് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകണമെന്നും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എഥനോൾ മിശ്രണവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ മിശ്രണ കേന്ദ്രത്തിൽ തന്നെ ക്രമക്കേട് കണ്ടെത്തിയത് എണ്ണക്കമ്പനികൾക്ക് തിരിച്ചടിയായിരിക്കുകയാണ്. അതിനിടെ, കേരളത്തിലെ പെട്രോൾ പമ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയ്ക്കായി ശുദ്ധമായ പെട്രോൾ നൽകണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ വീണ്ടും രംഗത്തെത്തി.
എണ്ണക്കമ്പനികൾ സഹകരിക്കാത്ത സാഹചര്യത്തിലാണ് മൂന്നാം തവണയും കത്ത് നൽകിയത്. നവംബർ 9നാണ് സംസ്ഥാനത്ത് എഥനോൾ അളവ് പരിശോധിക്കുന്നതിനായി പെട്രോൾ പമ്പുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. ഇവയുമായി താരതമ്യ പരിശോധന നടത്തുന്നതിനാണ് എഥനോൾ കലരാത്ത ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമപ്രകാരം സാമ്പിളുകൾ 30 ദിവസത്തിനുള്ളിൽ പരിശോധിക്കണം.അതിനാൽ ഡിസംബർ ആദ്യവാരം വരെ എണ്ണക്കമ്പനികളുടെ നിലപാട് അറിയാൻ സർക്കാർ കാത്തിരിക്കും. അതിനുശേഷം പരിശോധനയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. എണ്ണക്കമ്പനികൾ ശുദ്ധമായ പെട്രോൾ നൽകാൻ തയ്യാറാകാത്തതിൽ ഇടപെടൽ ആവശ്യപ്പെട്ട് പമ്പുടമകളുടെ സംഘടന കേന്ദ്ര പെട്രോളിയം മന്ത്രിക്കും കത്തയച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാന സർക്കാരും കേന്ദ്രത്തിന് വിഷയത്തിൽ കത്തയച്ചിരുന്നു.
പരിശോധനാഫലം പുറത്തുവരാൻ വൈകുന്നതിൽ ആശങ്കയുണ്ടെന്ന് പമ്പുടമകളുടെ സംഘടനയും വ്യക്തമാക്കി. നിലവിൽ സിലിണ്ടറിക്കൽ മെത്തേഡ് എന്ന പരമ്പരാഗത രീതിയിലാണ് കേരളത്തിൽ എഥനോൾ അളവ് പരിശോധിക്കുന്നത്. പരിശോധനയിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കണ്ടെത്തിയാൽ ശുദ്ധമായ പെട്രോൾ ലഭ്യമാക്കുന്നതിനായി കോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികൾ സർക്കാർ പരിഗണിച്ചേക്കും. പെട്രോളിലെ എഥനോൾ മിശ്രണത്തിന്റെ അളവിനെച്ചൊല്ലിയുള്ള തർക്കം കൂടുതൽ ശക്തമാകുന്നതിനിടെ കർണാടകയിലെ പരിശോധനാ കണ്ടെത്തലുകളും കേരളത്തിന്റെ തുടർനടപടികളും നിർണായകമാകുകയാണ്.