പാമ്ബ് കടിയേല്‍ക്കുന്നവർക്ക് ആന്‍റിവെനം കുത്തിവെപ്പ് യഥാസമയം ലഭ്യമാക്കാൻ സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ല ആശുപത്രികളിലും വിഷ ചികിത്സ ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് നടപടി.ഇവക്കു പുറമെ, തെരഞ്ഞെടുക്കപ്പെട്ട സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും വിഷ ചികിത്സ സംവിധാനമൊരുക്കും.പാമ്ബ് കടിയേറ്റവരെ പെട്ടെന്ന് സമീപത്തെ ചികിത്സാ കേന്ദ്രത്തിലെത്തിക്കാൻ ആശ വർക്കർമാർക്ക് പരിശീലനം നല്‍കും. സ്പെഷലിസ്റ്റ്സ്, മെഡിക്കല്‍ ഓഫിസർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഇതുസംബന്ധിച്ച് പ്രത്യേക പരിശീലനം സംഘടിപ്പിക്കാൻ ജില്ല ഹെല്‍ത്ത് ഓഫിസർമാർ, ജില്ല സർവൈലൻസ് ഓഫിസർമാർ, താലൂക്ക് ഹെല്‍ത്ത് ഓഫിസർമാർ എന്നിവർക്ക് ആരോഗ്യ വകുപ്പ് നിർദേശം നല്‍കി.
മൈസൂരു ജില്ലയില്‍ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കു പുറമെ, ടി. നരസിപൂർ, നഞ്ചൻഗുഡ്, എച്ച്.ഡി കോട്ടെ, ഹുൻസൂർ, പെരിയപട്ടണ, കെ.ആർ നഗർ എന്നീ താലൂക്ക് ആശുപത്രികളിലും ബന്നൂർ, തലക്കാട്, ജയപുര, ജയനഗർ, സാലിഗ്രാമ, ഹുല്ലഹള്ളി, തഗദൂർ, സരഗൂർ, മുഗൂർ എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും വിഷ ചികിത്സ സൗകര്യമൊരുക്കുമെന്ന് ജില്ല ആരോഗ്യവകുപ്പ് അറിയിച്ചു. മൈസൂരു ജില്ലയില്‍ മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം പാമ്ബുകടി കേസുകള്‍ വർധിച്ചിരുന്നു. 2022 ജനുവരിമുതല്‍ ഡിസംബർവരെയുള്ള കാലയളവില്‍ 183 പേർക്കാണ് പാമ്ബിന്‍റെ കടിയേറ്റത്. ഇതില്‍ മൂന്നു കേസുകള്‍ മൈസൂരു നഗരത്തിലാണ്. മൈസൂരു റൂറല്‍ എട്ട്, ടി. നരസിപൂർ- 43, നഞ്ചൻഗുഡ് -19, എച്ച്.ഡി കോട്ടെ -22, ഹുൻസൂർ -28, പെരിയപട്ടണ -27, കെ.ആർ നഗർ -33 എന്നിങ്ങനെയാണ് മറ്റു മേഖലകളില്‍ 2022ല്‍ പാമ്ബു കടിയേറ്റവരുടെ കണക്ക്.
2023 ജനുവരിമുതല്‍ ഡിസംബർവരെ 206 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൈസൂരു നഗരത്തില്‍മാത്രം ഒമ്ബത് കേസുകളാണ് രേഖപ്പെടുത്തിയത്. മൈസൂരു റൂറല്‍- 13, ടി. നരസിപൂർ- 35, നഞ്ചൻഗുഡ്- 23, എച്ച്.ഡി കോട്ടെ- 38, ഹുൻസൂർ – 32, പെരിയപട്ടണ- 29, കെ.ആർ നഗർ- 27 എന്നിങ്ങനെയാണ് 2023ല്‍ രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 32 പാമ്ബുകടി കേസുകളും മൈസൂരു ജില്ലയില്‍ റിപ്പോർട്ട് ചെയ്തു.