ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം സുഗമമാക്കുന്നതില്‍ നിർണായ പങ്കുവഹിക്കുന്ന ബെംഗളൂരു മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ പദ്ധതിയുടെ ചെലവ് വഹിക്കുന്നത് ആരെന്ന കാര്യത്തില്‍ അവകാശവാദം ശക്തം.സംസ്ഥാന നഗരവികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ബെംഗളൂരു നമ്മ മെട്രോ ശൃംഖലയ്ക്കായി അംഗീകരിച്ച ചെലവിന്റെ ഏകദേശം 84 ശതമാനവും കർണാടക സർക്കാരാണെന്നാണ് വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാർ നല്കിയ തുകയുടെ ഏകദേശം അഞ്ചിരട്ടിയോളം വരും ഈ ചെലവ്.നമ്മ മെട്രോയുടെ 1, 2, 2A, 2B, 3 ഘട്ടങ്ങള്‍ക്കായി അംഗീകരിച്ച ആകെ ചെലവില്‍ 65,291 കോടി രൂപ, അതായത് 83.8 ശതമാനവും കർണാടക സർക്കാരാണ് വഹിക്കുന്നത്.
എന്നാല്‍ കേന്ദ്ര സർക്കാർ പദ്ധതിക്കായി നല്‍കിയത് 12,600 കോടി രൂപ മാത്രമാണ്. ഇതാണ് അവകാശവാദം ശക്തമാക്കുന്നത്. ബെംഗളൂരു മെട്രോ റെയില്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ ചെലവുകള്‍, വിദേശ വായ്പ തിരിച്ചടവ്, പലിശ, പ്രവർത്തന നഷ്ടം എന്നിവ വഹിക്കുന്നത് സംസ്ഥാന സർക്കാർ തന്നെയാണ്.കേന്ദ്ര സർക്കാരും കർണാടക സർക്കാരും ചേർന്നുള്ള സംയുക്ത സംരംഭമായ ബിഎംആർസിഎല്‍ (BMRCL) ആണ് നമ്മ മെട്രോ പദ്ധതിക്ക് 20:20:60 എന്ന അനുപാതത്തില്‍ ധനസഹായം കണ്ടെത്തുന്നത്. ഇതില്‍ കേന്ദ്രവും സംസ്ഥാനവും 20 ശതമാനം വീതം നല്‍കും. ബാക്കി 60 ശതമാനം വായ്പകളിലൂടെയാണ് സമാഹരിക്കുന്നത്. 2005 സെപ്റ്റംബർ മുതല്‍ കേന്ദ്ര സർക്കാരും കർണാടക സർക്കാരും തുല്യ പങ്കാളിത്തത്തോടെ നടത്തുന്ന സംയുക്ത സംരംഭമാണ് ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍).
ഇരു സർക്കാരുകളും ഇക്വിറ്റി വിഹിതമായി 9,164 കോടി രൂപ വീതം നല്‍കിയിട്ടുണ്ട്.പദ്ധതിയിലുണ്ടാകുന്ന കാലതാമസം, ചെലവ് വർധന, വിദേശ വിനിമയ നിരക്കുകളിലെ വ്യതിയാനങ്ങള്‍, ഭൂമി ഏറ്റെടുക്കലിനായുള്ള ഉയർന്ന ചെലവ് എന്നിവ കാരണം സാമ്പത്തിക ബാധ്യത വർധിച്ചതായി കർണാടക സർക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. 1, 2, 2A, 2B, 3 ഘട്ടങ്ങള്‍ക്കായി അംഗീകരിച്ച ആകെ ചെലവായ 77,891 കോടി രൂപയില്‍ 65,291 കോടി രൂപയും (83.8 ശതമാനം) കർണാടകയാണ് നല്‍കിയത്. കേന്ദ്രത്തിന്റെ വിഹിതം 12,600 കോടി രൂപ (16.2 ശതമാനം) മാത്രമാണ്.നവംബർ 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോയുടെ പിങ്ക് ലൈൻ (Pink Line) എലിവേറ്റഡ് വിഭാഗം ഉദ്ഘാടനം ചെയ്യാനിരിക്കെ കേന്ദ്രത്തിന്റെ ധനസഹായ വിഹിതത്തെക്കുറിച്ചുള്ള വിഷയം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഉന്നയിക്കാൻ സാധ്യതയുണ്ട്. പദ്ധതിയിലുണ്ടാകുന്ന കാലതാമസം, പദ്ധതിയുടെ വ്യാപ്തിയിലുണ്ടാകുന്ന മാറ്റങ്ങള്‍, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവ മൂലം അധികമായി വരുന്ന ചെലവുകളില്‍ കൂടുതല്‍ വിഹിതം കേന്ദ്രം നല്‍കണമെന്നും, അനുമതികള്‍ വേഗത്തിലാക്കണമെന്നും കർണാടക ആവശ്യപ്പെടുന്നു.
ഇരു സർക്കാരുകളും ഇക്വിറ്റി വിഹിതമായി 9,164 കോടി രൂപ വീതം പദ്ധതിക്ക് നല്‍കിയിട്ടുണ്ട്. ഇക്വിറ്റിക്ക് പുറമെ പദ്ധതിയുടെ ബാക്കി ചെലവായ 59,563 കോടി രൂപയില്‍ 94 ശതമാനവ്, അതായത് 56,127 കോടി രൂപയും കർണാടക സർക്കാരാണ് വഹിച്ചതെന്ന് സംസ്ഥാന സർക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി 14,404 കോടി രൂപയും വിദേശ വായ്പ തിരിച്ചടവുകള്‍ക്കായി 28,958 കോടി രൂപയും സംസ്ഥാന നികുതികളായി 3,915 കോടി രൂപയും ഗ്രാന്റുകളും ‘വാല്യൂ ക്യാപ്ചർ’ (value capture) ഇനങ്ങളും ചേർത്ത് 4,818 കോടി രൂപയും നിർമാണ കാലയളവിലെ പലിശയായി 761 കോടി രൂപയും ഉള്‍പ്പെടുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് മാത്രം കേന്ദ്ര സർക്കാരിന്റെ ആകെ വിഹിതത്തേക്കാള്‍ കൂടുതലാണ്.
ബെംഗളൂരു മെട്രൊ പദ്ധതിയുടെ ആദ്യ മൂന്ന് ഘട്ടങ്ങളിലെ പദ്ധതിച്ചെലവ് ആദ്യം അനുവദിച്ച തുകയേക്കാള്‍ 24,641 കോടി രൂപ വർധിച്ചു. ഈ അധിക ചെലവിന്റെ ഭൂരിഭാഗവും വഹിച്ചത് കർണാടക സർക്കാരാണ്. രണ്ട്, 2A, 2B ഘട്ടങ്ങളില്‍, പുതുക്കിയ കണക്കുകള്‍ പ്രകാരം 19,175 കോടി രൂപയുടെ അധിക ചെലവ് വരുന്നുണ്ട്. ഈ ചെലവ് വർധനയില്‍ കേന്ദ്രസർക്കാർ നല്കുന്ന അധിക വിഹിതം 423 കോടി രൂപയില്‍ ഒതുങ്ങുന്നു. പുതുക്കിയ ചെലവിന്റെ ഏകദേശം 98 ശതമാനവും കർണാടക സംസ്ഥാനം തന്നെ വഹിക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉയർന്ന ചെലവ് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാണ് ചെലവ് വർധിക്കാൻ കാരണമായത്. വിദേശ വിനിമയ നിരക്കുകളിലെ മാറ്റം മൂലം ഉണ്ടായ 4,051 കോടി രൂപയുടെ അധിക ബാധ്യത വിദേശ വായ്പകള്‍ വഴി കണ്ടെത്തും. എന്നാല്‍ ഈ തുക കർണാടക തിരിച്ചടയ്ക്കേണ്ടി വരും.