ബെംഗളൂരു: കർണാടകയിൽ ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്നവർക്കുള്ള ക്വാറന്റീൻ ഒഴിവാക്കിയിട്ട് മാസങ്ങളായി. വിനോദസഞ്ചാരമേഖലയുൾപ്പെടെ സാധാരണ നിലയിലേക്ക് വരികയാണിപ്പോൾ.
എന്നാൽ ബ്രിട്ടനിൽ ജനിതകമാറ്റംവന്ന കൊറോണവൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി ഇതരസംസ്ഥാനത്തുനിന്ന് കർണാടകയിൽ എത്തുന്നവർക്ക് വീണ്ടും ക്വാറന്റീൻ ഏർപ്പെടുത്താൻ ആലോചന.
കർണാടക : രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നൂറുകണക്കിന് ആളുകൾ യു. കെ.യിൽ നിന്ന് സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ബ്രിട്ടനിൽനിന്നും ചെന്നൈയിലെത്തിയ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.
വ്യാപനം തടയാൻ പുതുവത്സരാഘോഷത്തിന് നിയന്ത്രണമേർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപനം തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കും.
ജാഗ്രതപാലിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിൽ കോവിഡ് വ്യാപനം കുറഞ്ഞ നിലയിലെത്തിയപ്പോഴാണ് പുതിയ ഭീഷണി വരുന്നത്. സംസ്ഥാനത്ത് പ്രതിദിന രോഗബാധ ആയിരത്തിൽ താഴെയെത്തിയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 722 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.