15 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം വിലക്കി: ദിവസം 5 മണിക്കൂർ മാത്രം കോച്ചിംഗ് സെന്ററുകൾക്ക് കർണാടക സർക്കാറിന്റെ കർശന നിയന്ത്രണങ്ങൾ

ബെംഗളൂരു: സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ അമിത ഫീസ് ഈടാക്കലും വിദ്യാർത്ഥികളുടെ മേലുള്ള അമിത പഠനസമ്മർദ്ദവും തടയുക ലക്ഷ്യമിട്ട് കർണാടക സർക്കാർ കർശനമായ പുതിയ കരട് നിയമങ്ങൾ പുറത്തിറക്കി. വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഈ നിർണ്ണായക മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ നിയമങ്ങളിലെ പ്രധാന വ്യവസ്ഥകൾ:

പ്രായപരിധി: 15 വയസ്സിന് താഴെയുള്ളവർക്കും പത്താം ക്ലാസ് പൂർത്തിയാക്കാത്ത കുട്ടികൾക്കും സ്വകാര്യ കോച്ചിംഗ് കേന്ദ്രങ്ങളിൽ പ്രവേശനം നൽകുന്നത് പൂർണ്ണമായും നിരോധിച്ചു.

പഠനസമയം: പരീക്ഷകളും റിവിഷനും ഉൾപ്പെടെ പ്രതിദിന പഠനസമയം പരമാവധി അഞ്ച് മണിക്കൂറായി പരിമിതപ്പെടുത്തി. രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെ മാത്രമാണ് പ്രവർത്തനാനുമതി. സ്കൂൾ/കോളേജ് സമയങ്ങളിൽ ക്ലാസുകൾ നടത്താൻ പാടില്ല.

കൗൺസിലിംഗ്: വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി എല്ലാ കോച്ചിംഗ് കേന്ദ്രങ്ങളിലും ഒരു മാനസികാരോഗ്യ കൗൺസിലറുടെ സേവനം നിർബന്ധമാക്കിയിട്ടുണ്ട്.ഫീസ് ഘടന: രക്ഷിതാക്കളുടെ സാമ്പത്തിക ചൂഷണം തടയാൻ ഒറ്റയടിക്ക് ഫീസ് വാങ്ങുന്നത് നിരോധിച്ചു. ഫീസ് കുറഞ്ഞത് നാല് തുല്യ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യം നൽകണം. പഠനം പകുതിയിൽ നിർത്തുന്ന കുട്ടികൾക്ക് ബാക്കി തുക 10 ദിവസത്തിനകം തിരികെ നൽകണം.

കടുത്ത ശിക്ഷാ നടപടികൾ: നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ സ്ഥാപനം സീൽ ചെയ്തു പൂട്ടുന്നതുൾപ്പെടെയുള്ള നടപടികളോ നേരിടേണ്ടിവരും.പുതിയ കരട് നിയമങ്ങളിന്മേൽ പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും എതിർപ്പുകളും അറിയിക്കുന്നതിനായി 15 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്.

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു