ഓണറേറിയത്തില്‍ 2000 രൂപയുടെ വര്‍ധന; കര്‍ണാടകയില്‍ സമരം അവസാനിപ്പിച്ച്‌ ആശമാര്‍

ബെംഗളൂരു: പ്രതിമാസ ഓണറേറിയത്തില്‍ 2,000 രൂപ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉറപ്പ് സര്‍ക്കാര്‍ രേഖാമൂലം നല്‍കിയതോടെ കര്‍ണാടകയില്‍ ആശാ വര്‍ക്കര്‍മാര്‍ സമരം അവസാനിപ്പിച്ചു.പതിമൂന്ന് ദിവസമായി നടത്തിവന്ന സമരമാണ് പിന്‍വലിച്ചത്. പുതുക്കിയ തുക 2027 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധി സംഘവുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം, പ്രതിമാസ ഓണറേറിയത്തില്‍ 2,000 രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എങ്കിലും, ഇതില്‍ പൂര്‍ണ തൃപ്തിയില്ലാത്തതിനാല്‍ രാപ്പകല്‍ അനിശ്ചിതകാല സമരം തുടരാന്‍ ആശാ വര്‍ക്കര്‍മാര്‍ തീരുമാനിച്ചിരുന്നു.

ഓണറേറിയം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിയുടെ സെക്രട്ടറിയില്‍ നിന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച ഔദ്യോഗിക കുറിപ്പ് സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കി.നവംബര്‍ 28-ന് മുഖ്യമന്ത്രി ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധികളുമായി വിശദമായ ചര്‍ച്ച നടത്തുകയും അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നുവെന്നും, പ്രതിമാസ ഓണറേറിയം 2,000 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും കുറിപ്പില്‍ വ്യക്തമാക്കി.’വര്‍ധന നടപ്പിലാക്കുന്ന തീയതിയെക്കുറിച്ച്‌ പ്രത്യേകം ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി അവരുടെ ആവശ്യം അനുകൂലമായി പരിഗണിക്കുകയും, വര്‍ധിപ്പിച്ച ഓണറേറിയം 2027 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന്, ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുകയും തങ്ങളുടെ സമരം പിന്‍വലിക്കാന്‍ സമ്മതിക്കുകയും ചെയ്തു’ എന്ന് കുറിപ്പില്‍ പറയുന്നു.’ആശാ വര്‍ക്കര്‍മാരുടെ പ്രധാനപ്പെട്ട പല ആവശ്യങ്ങളോടും സര്‍ക്കാര്‍ അനുകൂലമായാണ് പ്രതികരിച്ചത്.

ഇന്നലെ മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും ഞങ്ങള്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു; അതിനുമുമ്പ് ഉദ്യോഗസ്ഥരുമായും പലതവണ ചര്‍ച്ചകള്‍ നടന്നു. ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള രേഖാമൂലമുള്ള അറിയിപ്പ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചതിനാല്‍, സമരം അവസാനിപ്പിക്കുകയാണ്’ എന്ന് കര്‍ണാടക ജോയിന്റ് ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡി നാഗലക്ഷ്മി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമരത്തെ പിന്തുണച്ച എല്ലാവര്‍ക്കും, ഒപ്പം സഹകരണം നല്‍കിയ മുഖ്യമന്ത്രി ഡി കെ ശിവകുമാറിനും ആരോഗ്യ മന്ത്രി യു ടി ഖാദറിനും അവര്‍ നന്ദി അറിയിച്ചു.’ഇതുവരെ ആശാ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 8,000 മുതല്‍ 9,000 രൂപ വരെയാണ് ലഭിച്ചിരുന്നത്. ഓണറേറിയത്തില്‍ 2,000 രൂപയുടെ വര്‍ധനയുണ്ടാകുന്നതോടെ പ്രതിമാസം ഏകദേശം 11,000 മുതല്‍ 12,000 രൂപ വരെ ലഭിക്കും.

കൂടാതെ, ടീം അടിസ്ഥാനത്തിലുള്ള ഇന്‍സെന്റീവുകള്‍ പൂര്‍ണമായും നല്‍കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. അടുത്ത ബജറ്റില്‍ ഓണറേറിയം വീണ്ടും വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്’ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.ആവശ്യമായ ചര്‍ച്ചകള്‍ക്ക് ശേഷം, ബാക്കിയുള്ള ആവശ്യങ്ങളില്‍ ഡിസംബര്‍ 10-നകം തീരുമാനമെടുക്കാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പുനല്‍കിയതായും നാഗലക്ഷ്മി അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച്‌ സമരം പിന്‍വലിക്കുകയാണെന്നും സമരം വിജയകരമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related posts

വടയ്ക്കുള്ളില്‍ കൂറ്റൻ ഇരുമ്പ് ബോള്‍ട്ട്; വന്ദേഭാരതിലെ ഭക്ഷണം കണ്ട് ഞെട്ടി യാത്രക്കാരൻ; മാപ്പ് പറഞ്ഞ് ഐആര്‍സിടി

ബെംഗളൂരു മെട്രോ ജപ്പാന്‍ മാതൃകയില്‍ വികസിപ്പിക്കും; പാര്‍ക്കിംഗിന് അഞ്ചേക്കര്‍ സ്ഥലം: ഡികെ ശിവകുമാര്‍

ബെംഗളൂരു സബര്‍ബനില്‍ കുതിക്കാനൊരുങ്ങുന്നു; യാഥാര്‍ഥ്യമാകാൻ രണ്ട് ഇടനാഴികള്‍, ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി