ബെംഗളൂരു: ഗതാഗതത്തിന് വൈദ്യുത ബസുകൾ ഉപയോഗിക്കുന്ന പദ്ധതിയുടെ ഭാഗമായി നൂറ് ബസുകൾ കൂടി നിരത്തിലിറക്കി ബി.എം.ടി.സി. ടാറ്റ മോട്ടോഴ്‌സ് സ്മാർട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസിൽനിന്ന് വാടകയ്ക്കെടുക്കുന്ന ബസുകളാണിവ. 921 നോൺ എ.സി. വൈദ്യുത ബസുകൾ കൈമാറാനാണ് കമ്പനിയുമായുള്ള കരാർ. ഇതിന്റെ ആദ്യഘട്ടമായാണ് നൂറുബസുകൾ കൈമാറുന്നത്. ഒറ്റ ചാർജിങ്ങിൽ 200 കിലോമീറ്റർ ഓടാനുള്ള ശേഷി ഈ ബസുകൾക്കുണ്ട്. പുതിയ ബസുകളുടെ ഫ്ളാഗ് ഓഫ് വിധാനസൗധയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു.നഗരത്തിലെ 19 റൂട്ടുകളിലാണ് പുതിയ ബസുകൾ സർവീസ് നടത്തുക.
മജെസ്റ്റിക് ബസ് സ്റ്റാൻഡിൽനിന്ന് കോറമംഗല, ബനശങ്കരിയിൽനിന്ന് ഹാരോഹള്ളി, ശിവാജിനഗറിൽനിന്ന് കാടുഗൊഡി, മജെസ്റ്റിക്കിൽ നിന്ന് സർജാപുര, ആനേക്കൽ, അത്തിബല്ലെ, ഇലക്‌ട്രോണിക് സിറ്റി വിപ്രോ ഗേറ്റ് ഉൾപ്പെടെയുള്ള റൂട്ടുകളിലായിരിക്കും സർവീസ്. 834 ട്രിപ്പുകളാണുണ്ടാകുക. 35 സീറ്റുകളാണ് പുതിയ ബസുകളിലുള്ളത്. പാനിക് ബട്ടൺ, വീൽചെയറുകൾ കയറ്റാനുള്ള സംവിധാനം, ഒരോ സ്റ്റോപ്പിലെത്തുമ്പോഴും സ്ഥലത്തിന്റേയും പേരു പ്രദർശിപ്പിക്കാനുള്ള ഡിജിറ്റൽ ബോർഡ് തുടങ്ങിയവ ബസിനുള്ളിലുണ്ട്.
കരാർ ഒരുവർഷം മുമ്പ്:പുതിയ വൈദ്യുതബസുകളിറക്കാൻ ടാറ്റയുമായി ബി.എം.ടി.സി. കരാറിലെത്തിയത് കഴിഞ്ഞവർഷം ഓഗസ്റ്റിലാണ്. ഒട്ടേറെ കമ്പനികൾ ടെൻഡറിൽ പങ്കെടുത്തെങ്കിലും ടാറ്റയായിരുന്നു ഏറ്റവും കുറഞ്ഞതുകയ്ക്ക് ബസുകൾ നൽകാമെന്ന് വാഗ്ദാനം നൽകിയത്. ഒരോ കിലോമീറ്ററിനും 40 രൂപയാണ് പുതിയ ബസുകൾ ഓടിക്കുമ്പോൾ ടാറ്റയ്ക്ക് നൽകേണ്ടത്. കൂടുതൽ വൈദ്യുതബസുകൾ എത്തിക്കുന്നതിന് മുന്നോടിയായി കെ.ആർ. മാർക്കറ്റ്, മജെസ്റ്റിക്, ശിവാജിനഗർ, ബെന്നാർഘട്ട, ബി.ടി.എം. ലേഔട്ട്, ഹെബ്ബാൾ, ബാഗലകുണ്ഡെ എന്നിവിടങ്ങളിൽ ചാർജ്ജിങ് സ്റ്റേഷനുകളും ബി.എം.ടി.സി. ഒരുക്കിയിട്ടുണ്ട്. നിലവിൽ വിവിധ റൂട്ടുകളിൽ ബി.എം.ടി.സി. യുടെ വൈദ്യുത ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഡീസൽ ബസുകളേക്കാൾ വൈദ്യുതബസുകളാണ് ലാഭകരമെന്നാണ് കണ്ടെത്തൽ.
ഏപ്രിലോടെ 1400 പുതിയ ബസുകൾ:ഏപ്രിലോടെ 1,400 പുതിയ വൈദ്യുത ബസുകൾ ബി.എം.ടി.സി. യുടെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ടാറ്റയുമായുള്ള കരാറനുസരിച്ച് 821 ബസുകൾ കൂടി ലഭിക്കാനുണ്ട്.ഇതിനുപുറമേ മറ്റു കമ്പനികളുടെ വൈദ്യുതബസുകളും നിരത്തിലിറക്കും. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി പ്രാബല്യത്തിലായശേഷം 40 ലക്ഷത്തോളം പേരാണ് പ്രതിദിനം ബി.എം.ടി.സി. ബസുകളിൽ യാത്രചെയ്യുന്നത്. ഇത് പൊതുഗതാഗത സംവിധാനത്തിന് വലിയ ഊർജ്ജം പകരുന്ന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.