ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ എഐ സ്‌റ്റാര്‍ട്ടപ്പ് കേന്ദ്രമായി ബെംഗളൂരു; 2.28 ബില്യണ്‍ ഡോളര്‍ നിക്ഷേപം

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സ്‌റ്റാർട്ടപ്പ് കേന്ദ്രമായി ബെംഗളൂരു.മേഖലയിലെ പ്രമുഖ സാങ്കേതികവിദ്യാ-നവീകരണ കേന്ദ്രങ്ങളിലൊന്നെന്ന നഗരത്തിന്റെ സ്ഥാനം ഇതോടെ കൂടുതല്‍ ശക്തമായി. ബെംഗളൂരു ഇന്നൊവേഷൻ റിപ്പോർട്ട് 2026 പ്രകാരം ഇന്ത്യയിലെ എഐ സ്‌റ്റാർട്ടപ്പുകള്‍ക്ക് ലഭിക്കുന്ന മൊത്തം നിക്ഷേപത്തിന്റെ 36.3 ശതമാനവും ബെംഗളൂരുവിലേക്കാണ് എത്തുന്നത്.ഏകദേശം 2.28 ബില്യണ്‍ ഡോളറാണ് ഈ മേഖലയിലെ നിക്ഷേപം. 2023നുശേഷം രാജ്യത്ത് രൂപംകൊണ്ട എഐ, ഡീപ് ടെക് യൂണികോണ്‍ കമ്പനികളില്‍ 71 ശതമാനവും ബെംഗളൂരുവിലാണ് പ്രവർത്തിക്കുന്നത്.

നവംബർ 18ന് ബെംഗളൂരു ടെക് സമ്മിറ്റില്‍ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, നൂതന സാങ്കേതികവിദ്യാ മേഖലകളില്‍ നഗരത്തിന്റെ വളർച്ച വ്യക്തമാക്കുന്നത്. ബെംഗളൂരുവില്‍ ഏകദേശം 799 എഐ അധിഷ്‌ഠിത സ്‌റ്റാർട്ടപ്പുകളുണ്ട്.ഇതില്‍ 764 എണ്ണവും സജീവമായി പ്രവർത്തിക്കുന്നതും നിക്ഷേപം ലഭിച്ചിട്ടുള്ളതുമാണ്. ഈ കമ്പനികള്‍ക്ക് ആകെ ഏകദേശം 2.28 ബില്യണ്‍ ഡോളർ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഡീപ് ടെക് സ്‌റ്റാർട്ടപ്പുകള്‍ക്കുള്ള നിക്ഷേപത്തിലും ബെംഗളൂരുവാണ് രാജ്യത്ത് മുന്നില്‍. 2010 മുതല്‍ 2026 വരെ ഈ മേഖലയിലേക്ക് 3.77 ബില്യണ്‍ ഡോളർ നിക്ഷേപം നഗരത്തിലെത്തി. ഡല്‍ഹി-എൻസിആറിലെ സ്‌റ്റാർട്ടപ്പുകള്‍ക്ക് ലഭിച്ച നിക്ഷേപത്തിന്റെ ഇരട്ടിയിലധികമാണിത്.ബെംഗളൂരുവിന്റെ മൊത്തത്തിലുള്ള സ്‌റ്റാർട്ടപ്പ് മേഖലയും വലിയ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2010 മുതല്‍ നഗരത്തിലെ സ്‌റ്റാർട്ടപ്പുകള്‍ക്ക് ഏകദേശം 85 ബില്യണ്‍ ഡോളറിന്റെ വെഞ്ച്വർ ക്യാപിറ്റല്‍ നിക്ഷേപം ലഭിച്ചു. ഇന്ത്യൻ സ്‌റ്റാർട്ടപ്പുകള്‍ക്ക് ലഭിച്ച ആകെ നിക്ഷേപത്തിന്റെ ഏകദേശം 47 ശതമാനമാണിത്.

സജീവമായി പ്രവർത്തിക്കുന്നതും നിക്ഷേപം ലഭിച്ചതുമായ 3810 സ്‌റ്റാർട്ടപ്പുകളും 57 യൂണികോണ്‍ കമ്പനികളും നഗരത്തിലുണ്ട്.ഇവയുടെ ആകെ മൂല്യം ഏകദേശം 211 ബില്യണ്‍ ഡോളറാണ്. യൂണികോണ്‍ പദവിയിലേക്ക് ഉയരാൻ സാധ്യതയുള്ള 212 സ്‌റ്റാർട്ടപ്പുകളും ബെംഗളൂരുവിലുണ്ട്. ഇത്തരം കമ്പനികളെയാണ് സൂണിക്കോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. നഗരത്തിലെ സാങ്കേതികവിദ്യാ മേഖലയിലേക്ക് വനിതാ സംരംഭകരുടെ സംഭാവനയും റിപ്പോർട്ട് എടുത്തുപറയുന്നു. ഡീപ് ടെക്, എഐ മേഖലകളിലായി വനിതകള്‍ നയിക്കുന്ന 103 സജീവ സ്‌റ്റാർട്ടപ്പുകള്‍ ബെംഗളൂരുവിലുണ്ട്.ബെംഗളൂരുവിന് പുറത്തുള്ള നഗരങ്ങളിലേക്കും സ്‌റ്റാർട്ടപ്പ് വളർച്ച വ്യാപിപ്പിക്കാൻ കർണാടക സർക്കാർ പദ്ധതിയിടുന്നുണ്ട്. മൈസൂരു, മംഗളൂരു, ഹുബ്ബള്ളി-ധാർവാഡ്, ബെളഗാവി, കലബുറഗി, ശിവമൊഗ്ഗ, തുമകൂരു എന്നിവിടങ്ങളിലെ സാങ്കേതികവിദ്യാ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ഇതിനായി സംസ്ഥാന സർക്കാർ 1000 കോടി രൂപ വകയിരുത്തിയ അഞ്ച് വർഷത്തെ ലോക്കല്‍ ഇക്കണോമി ആക്‌സിലറേറ്റർ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.2017 മുതല്‍ സംസ്ഥാന സർക്കാരിന്റെ എലിവേറ്റ് പദ്ധതി വഴി 1479 സ്‌റ്റാർട്ടപ്പുകള്‍ക്ക് ഏകദേശം 393.58 കോടി രൂപയുടെ ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഗുണഭോക്താക്കളില്‍ 38.6 ശതമാനം പേരും ബെംഗളൂരുവിന് പുറത്തുള്ളവരാണ്. മറ്റ് ജില്ലകളിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളാണ് ഇത് വ്യക്തമാക്കുന്നത്.അതേസമയം, ഇന്ത്യയുടെ സാങ്കേതികവിദ്യാ സമ്പദ്‌വ്യവസ്ഥയില്‍ ബെംഗളൂരുവിനുള്ള നിർണായക സ്ഥാനമാണ് റിപ്പോർട്ട് അടിവരയിടുന്നത്. അതേസമയം, ദീർഘകാല നിക്ഷേപം ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വ്യവസായ മേഖലയും അക്കാദമിക സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, അത്യാധുനിക കംപ്യൂട്ടിങ് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Related posts

വടക്കൻ ബെംഗളൂരുവില്‍ നിന്ന് ഇനി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമം; ഫ്ലൈഓവര്‍ പരിഗണനയില്‍

ബെംഗളൂരിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും; മാരുതി സേവാ നഗറില്‍ പുതിയ ഫ്ലൈ ഓവര്‍ വരുന്നു,436 കോടിയുടെ പദ്ധതി

ബെംഗളൂരു ഹെബ്ബാള്‍-സര്‍ജാപൂര്‍ റെഡ് ലൈൻ മെട്രോ അടുത്തെങ്ങും പ്രതീക്ഷിക്കേണ്ട: തിരിച്ചടിയാകുന്നത് ഇത്