കര്‍ണാടക: കന്നുകാലി കശാപ്പ് നിരോധിക്കാനും, കന്നുകാലികളെ സംരക്ഷിക്കുവാനുമുള്ള നിയമത്തിന് കര്‍ണാടക മന്ത്രിസഭ അംഗീകാരം നല്‍കി. ഡിസംബറിലാണ് ഗോവധ നിരോധന നിയമം കര്‍ണ്ണാടക സര്‍ക്കാര്‍ പാസാക്കിയത്. ജനുവരി 5 ന് ഗവര്‍ണര്‍ വാജുഭായ് വാലയാണ് ഇതൊരു നിയമമായി പ്രഖ്യാപിച്ചു.
കര്‍ണ്ണാടകയില്‍ മുന്‍പേ തന്നെ ഗോവധ നിരോധന നിയമം നടപ്പിലാക്കിയിരുന്നു എങ്കിലും ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്ന നിയമത്തില്‍ ‘കന്നുകാലികള്‍’ എന്ന വിഭാഗത്തില്‍ പശു, പശുക്കിടാവ്, 13 വയസ്സിന് താഴെയുള്ള എരുമ, കാള എന്നിവയൊക്കെ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ പഴയ നിയമത്തിലെ ശിക്ഷയായ ആറുമാസത്തെ തടവില്‍ നിന്നും വിത്യസ്തമായി മൂന്ന് വര്‍ഷത്തില്‍ കുറയാതെയും ഏഴു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്നതോ ആയോ ശിക്ഷാവിധിയാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
പുതിയ നിയമപ്രകാരമുള്ള നിരോധനം യഥാര്‍ത്ഥത്തില്‍ വലിയൊരു വിഭാഗത്തിന്റെ ഉപജീവനത്തെ ബാധിക്കുമെന്നും, ഗ്രാമീണ സമ്ബദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്നും മറ്റുമുള്ള ശക്തമായ ആരോപണങ്ങള്‍ ആണുള്ളത്. കൂടാതെ ഭക്ഷ്യ സംസ്കാരങ്ങളില്‍ മാംസാഹാരം ഉള്‍പ്പെടുത്തുന്ന സമൂഹങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും, കുറഞ്ഞ ചെലവില്‍ തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ പോഷകാഹാരം ഉള്‍പ്പെടുത്തികൊണ്ടിരുന്ന ദരിദ്രകുടുംബങ്ങള്‍ക്ക് അത് നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നും സൂചനകളുണ്ട് . അതുകൊണ്ടു തന്നെ കടുത്ത എതിര്‍പ്പാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഈ നിയമത്തെപ്രതി ഉയര്‍ന്നിട്ടുള്ളത്.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഗോമാംസ കശാപ്പുകാരുടെ പ്രതിനിധിയായ ജാമിയത്ത്-അല്‍-ഖുറേഷ് ബീഫ് മര്‍ച്ചന്റ്സ് ചാരിറ്റബിള്‍ ട്രസ്റ്റ്, പുതിയ നിയമത്തെ നിയമപരമായി നേരിടാന്‍ ഒരുങ്ങുകയാണ്. ഈ നിരോധനം തങ്ങളുടെ ഉപജീവനത്തിന് ഭീഷണിയാണെന്നും മുന്‍പേ തന്നെ ഗോവധ നിരോധന നിയമം സംസ്ഥാനത്തു പ്രാബല്യത്തിലിരിക്കെ മറ്റു കന്നുകാലികളെ കൂടി ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം അന്യായമാണ് എന്നുമാണ് ട്രസ്റ്റിലെ മുതിര്‍ന്ന അംഗം പ്രതികരിച്ചത്. മാത്രമല്ല പോത്തിറച്ചി കൊണ്ട് മാത്രം ആവശ്യക്കാര്‍ക്ക് തങ്ങളുടെ താല്‍പര്യം നിര്‍വഹിക്കാന്‍ ആകില്ലെന്നും അവര്‍ ചൂണ്ടി കാണിക്കുന്നു.
‘പാല്‍, ഡ്രൈ ഫ്രൂട്ട്സ്, ധാന്യങ്ങള്‍, വ്യത്യസ്ത പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ താങ്ങാന്‍ കഴിയാത്ത പാവപ്പെട്ടവരുടെ ജീവിതത്തെയും ഭക്ഷണത്തെയും നമ്മള്‍ ഈ നിയമത്തിലൂടെ പരിഹസിക്കുകയാണോ’ എന്നാണ് ഡോ.വീണ ശത്രുഘ്ന അത്ഭുതപ്പെടുന്നത്. ‘ദരിദ്രര്‍ക്ക് തങ്ങളുടെ ശാരീരിക ആവശ്യങ്ങള്‍ക്കുള്ള പ്രോട്ടീന്‍ ഗോമാംസം പോലുള്ളവയില്‍ നിന്ന് മാത്രമേ ലഭിക്കൂ. മറ്റ് മാംസങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇതിന്റെ വിലയും കുറവാണ് ‘, അവര്‍ പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് ഡോ.വീണ ശത്രുഘ്ന. പുതിയ നിയമം മൂലമുള്ള നിരോധനം പോഷണത്തില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കവെ ആണ് ഡോ.വീണ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ദളിതരുടെയും പിന്നോക്കജാതിക്കാരുടെയും മതന്യൂനപക്ഷങ്ങളുടെയും വ്യത്യസ്തമായ ഭക്ഷണ സംസ്കാരങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഇത്ര ‘അജ്ഞരാണോ’ എന്നും ‘ഗോമാംസം ഭക്ഷിച്ച് വളര്‍ന്നിട്ടുള്ള ആര്‍ക്കും, അത് അവരുടെ ഭക്ഷണസംസ്കാരത്തിന്റെ ഭാഗമായേ കാണാനാകൂ എന്നും, സാംസ്കാരികമായി അത് അഭികാമ്യമാണെന്നും അവര്‍ പറഞ്ഞു. ‘അവരുടെ ഓര്‍മ്മകളും സന്തോഷവും പാരമ്ബര്യവും എല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാരിന് എങ്ങനെ ഒരു നിയമം കൊണ്ടുവരാനും ഈ ഭക്ഷണ സംസ്കാരങ്ങളെ നശിപ്പിക്കാനും കഴിയും?’, ഡോ.ഡോ.വീണ ചോദിക്കുന്നു.
‘കണക്കുകള്‍ പ്രകാരം 15 ശതമാനം ഇന്ത്യക്കാരും ഗോമാംസം കഴിക്കുന്നവരാണ്. ദലിതര്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, ആദിവാസികള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഗോമാംസം കഴിക്കുന്ന മറ്റു ചിലര്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില ധാരണകളുടെ പേരില്‍ ഇത് പരസ്യമായി വെളിപ്പെടുത്താറുമില്ല. 100 ഗ്രാം ഇറച്ചിയില്‍ നിന്നും ഒരു ദിവസത്തേക്ക് ശരീരത്തിന് വേണ്ട പ്രോട്ടീന്റെ 54 ശതമാനം ലഭിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത് പോഷകാഹാരത്തിന്റെ വിലപ്പെട്ട ഉറവിടമാണ്,’ പൊതുജനാരോഗ്യ വിഭാഗത്തില്‍ നിന്നും ഡോ. സില്‍വിയ കര്‍പകം അഭിപ്രായപ്പെടുന്നു.
ദളിത് സംഘര്‍ഷ് സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ആര്‍. മോഹന്‍രാജ് വിശദീകരിക്കുന്നത് കര്‍ണാടകയിലെ ദളിത് സമുദായങ്ങളുടെ ഭക്ഷ്യസംസ്കാരത്തിന്റെ ഭാഗമായി ഗോമാംസം എങ്ങനെ മാറിയെന്നാണ്. ‘ ഈ നിയമം മുസ്‌ലിങ്ങള്‍ക്ക് എതിരെയാണെന്ന് എല്ലാവരും കരുതുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇത് ലക്‌ഷ്യം വെക്കുന്നത് ദളിതുകളെയാണ്. ദളിത് ഭക്ഷ്യസംസ്കാരത്തിന്റെ ഭാഗമാണ് ഗോമാംസം. കന്നുകാലികളെ അറുക്കുന്നത് നിരോധിക്കുന്നത് വഴി ബിജെപി യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ഭക്ഷ്യസംസ്കാരത്തെ നേരിട്ട് ആക്രമിക്കുകയാണ്. കര്‍ണാടകയുടെ ഗ്രാമീണപ്രദേശങ്ങളിലെ ദളിതര്‍ക്കിടയില്‍ ഈ ശീലം വളരെ സാധാരണമാണ്. അതിനാല്‍ ബ്രാഹ്മണ വീക്ഷണത്തിലെ ഏറ്റവും വലിയ ശത്രുക്കളായ ദളിതരെയാണ് ഈ നിയമത്തിലൂടെ ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ‘, എന്നാണ് മോഹന്‍രാജ് ആരോപിക്കുന്നത്.
‘ഗ്രാമീണ സമ്ബദ്‌വ്യവസ്ഥയെ ഈ നിരോധനം സാരമായി ബാധിക്കും. ഒരു കന്നുകാലിയെ കൊണ്ട് ഒരു കര്‍ഷകന് സാധാരണ ലഭിക്കുന്ന ഉപയോഗത്തിന് ശേഷം അവയെ പ്രാദേശിക കന്നുകാലി ചന്തകളില്‍ വില്‍ക്കുക വഴി തുച്ഛമായ വരുമാനം ആ കര്‍ഷകന് ലഭിക്കുന്നുണ്ട്. ദുരിതസമയത്തും കര്‍ഷകന് അതൊരു സഹായമാണ്,’ കര്‍ണാടക രാജ്യ റൈത സംഘയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജെ.എം വീരസംഗയ്യ പറയുന്നു.
‘ഒരു കാലിയെ കൊണ്ട് കൃഷിക്കാരന് പ്രയോജനമില്ലെങ്കില്‍, അവന്‍ എന്തുചെയ്യണം? ഇപ്പോള്‍ 20,000 മുതല്‍ 25,000 രൂപ വരെ വിലക്ക് വില്‍പ്പന നടക്കും. കര്‍ഷകരുടെ അവസ്ഥ ഇപ്പോള്‍ തന്നെ ദയനീയമായിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍, ബിജെപി കര്‍ഷകരുടെ ജീവിതത്തെ പൂര്‍ണ്ണമായും ദുരിതത്തിലാക്കാനാണോ ആഗ്രഹിക്കുന്നത്..?’, വീരസംഗയ്യ ചോദിക്കുന്നു.
ഒരു സമുദായത്തെ (മുസ്‌ലിങ്ങളെ) ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവര്‍ത്തനത്തിലൂടെ അവര്‍ ലക്ഷക്കണക്കിന് കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് നശിപ്പിക്കുന്നത്,” വീരസംഗയ്യ കൂട്ടിച്ചേര്‍ത്തു. ഈ നിയമം മേല്പറഞ്ഞ ഒരു ആശങ്കകളെയും ദൂരീകരിക്കാന്‍ പ്രത്യേകമാര്‍ഗ്ഗങ്ങളൊന്നും നല്‍കാത്തതിനാല്‍ തങ്ങള്‍ (കെആര്‍ആര്‍എസ്) ഇതിനെതിരെ വിപുലമായ പ്രതിഷേധ റാലി ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു